‘ബൾട്ടി’ വിജയകരമായി രണ്ടാം വാരത്തിലേക്ക്; എന്നാൽ പോസ്റ്ററുകൾ കീറിയെറിയപ്പെടുന്നു, കടുത്ത അസഹിഷ്ണുതയെന്ന് നിർമ്മാതാവ്

ഷെയ്ൻ നിഗം നായകനായെത്തിയ ‘ബൾട്ടി’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ചിത്രത്തിനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുവെന്ന ആരോപണവുമായി നിർമ്മാതാവ് സന്തോഷ് ടി. കുരുവിള രംഗത്ത്. സിനിമയുടെ പോസ്റ്ററുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലും കീറി നശിപ്പിക്കുകയും മറ്റ് സിനിമകളുടെ പോസ്റ്ററുകൾ ഒട്ടിച്ച് മറയ്ക്കുകയും ചെയ്യുന്നതിനെതിരെയാണ് നിർമ്മാതാവ് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി പ്രതികരിച്ചത്. ഇത് കടുത്ത അസഹിഷ്ണുതയാണെന്നും ഷെയ്ൻ നിഗം എന്ന നടനെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഷെയ്ൻ നിഗത്തിന്റെ ചിത്രങ്ങളായ ‘ബൾട്ടി’, ‘ഹാൽ’ എന്നിവയുടെ പ്രൊമോഷണൽ മെറ്റീരിയലുകൾ നശിപ്പിക്കുന്നത് ആരുടെ താല്പര്യമാണെന്ന് സന്തോഷ് ടി. കുരുവിള ചോദിക്കുന്നു. “പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത്? മുൻനിരയിലേക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ആരാണ് ശ്രമിക്കുന്നത്?” എന്ന് അദ്ദേഹം തന്റെ കുറിപ്പിൽ ചോദിക്കുന്നു. കേരളത്തിലുടനീളം പത്തുദിവസത്തോളമായി ഈ പ്രവണത തുടരുകയാണെന്നും അതിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മുൻപ് നിർമ്മിച്ച ‘മഹേഷിന്റെ പ്രതികാരത്തിനൊപ്പം ആക്ഷൻ ഹീറോ ബിജു’, ‘മായാനദിക്കൊപ്പം ആട് 2’, ‘ന്നാ താൻ കേസ് കൊടിനൊപ്പം തല്ലുമാല’ തുടങ്ങിയ സിനിമകൾ ഒരുമിച്ച് പ്രദർശനത്തിനെത്തിയപ്പോൾ പോലും ഇല്ലാത്ത ഇത്തരം നെഗറ്റീവ് ക്യാമ്പയിനുകൾ ഇപ്പോൾ സംഭവിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറയുന്നു. ഷെയ്ൻ നിഗം എന്ന നടൻ എന്തുകൊണ്ടാണ് ഇത്രയധികം ലക്ഷ്യം വെക്കപ്പെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു നിർമ്മാതാവ് എന്ന നിലയിൽ സിനിമാസ്നേഹികളുടെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, കബഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു സ്പോർട്സ് ആക്ഷൻ ത്രില്ലറായ ‘ബൾട്ടി’ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായി ഷെയ്ൻ നിഗം ഇതുവരെ കാണാത്ത മാസ് പരിവേഷത്തിലാണ് എത്തുന്നത്. തമിഴ് സംവിധായകൻ സെൽവരാഘവൻ അവതരിപ്പിച്ച ഭൈരവൻ എന്ന വില്ലൻ കഥാപാത്രവും സംവിധായകൻ അൽഫോൻസ് പുത്രന്റെ സോഡാ ബാബു എന്ന റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. സായ് അഭ്യങ്കറിന്റെ സംഗീതവും അലക്സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണവും സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്.