മോഹൻലാൽ നായകനായ അമൽ നീരദ് ചിത്രം; കളം മാറ്റി ചവിട്ടാൻ കംപ്ലീറ്റ് ആക്ടർ, വൻ പ്രതീക്ഷയിൽ ആരാധകർ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ഒരുപിടി വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പുതുതലമുറയിലെ ഒരുപാട് സംവിധായകരുമായി താൻ ഒന്നിക്കാൻ പോവുകയാണെന്നുള്ള സൂചന അടുത്തിടെ അദ്ദേഹം തന്നിരുന്നു. ഇപ്പോഴിതാ ആ ലൈനപ്പിലേക്ക് കടന്നു വന്നിരിക്കുന്നത് സൂപ്പർഹിറ്റ് സംവിധായകനായ അമൽ നീരദ് ആണ്.
മോഹൻലാൽ നായകനായ ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അമൽ നീരദ് എന്ന വാർത്തകളാണ് വരുന്നത്. ചിത്രം അതിന്റെ ആദ്യ ഘട്ട ചർച്ചകളിൽ ആണെന്നും അടുത്ത വർഷം ചിത്രം സംഭവിച്ചേക്കാമെന്നുമാണ് സൂചന. മോഹൻലാലിനൊപ്പം ഫഹദ് ഫാസിലും ഈ അമൽ നീരദ് ചിത്രത്തിൽ ഉണ്ടായേക്കാമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ 2009 ലാണ് മോഹൻലാൽ- അമൽ നീരദ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്.
ആശിർവാദ് ഫിലിംസ്, അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലാണ് ഈ പുതിയ ചിത്രം ഒരുക്കുകയെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നു. അമൽ നീരദ് കൂടാതെ, ആവേശം ഒരുക്കിയ ജിത്തു മാധവൻ ചിത്രത്തിലും മോഹൻലാൽ നായകനാവുന്നുണ്ട്. ഇവർക്കൊപ്പം ബ്ലെസി, കൃഷാന്ത് എന്നിവരുടെ ചിത്രങ്ങളും അടുത്ത വർഷം മോഹൻലാലിൻറെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.
തന്റെ സംവിധാന അരങ്ങേറ്റമായ ബറോസ് എന്ന ത്രീഡി ചിത്രമാണ് മോഹൻലാലിൻറെ അടുത്ത റിലീസ്. ഡിസംബർ ഇരുപത്തിയഞ്ചിന് ചിത്രം ആഗോള റിലീസായെത്തും. തരുൺ മൂർത്തി ഒരുക്കിയ മോഹൻലാൽ ചിത്രം “തുടരും” ജനുവരി മുപ്പതിനും, പൃഥ്വിരാജ് ഒരുക്കിയ ‘എമ്പുരാൻ’ മാർച്ച് 27 നുമാണ് ആഗോള റിലീസായെത്തുക.
സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ‘ഹൃദയപൂർവം’, മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം എന്നിവയിലാണ് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മോഹൻലാൽ അഭിനയിക്കുക എന്നാണ് റിപ്പോർട്ട്. ദിലീപ് നായകനായ ഭ.ഭ.ബ എന്ന ചിത്രത്തിൽ അദ്ദേഹം അതിഥി വേഷത്തിലും എത്തിയേക്കുമെന്നും വാർത്തകളുണ്ട്.