in , ,

സൂര്യയുടെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കുമായി അക്ഷയ് കുമാർ; ‘സർഫിറ’ ട്രെയിലർ ശ്രദ്ധ നേടുന്നു…

സൂര്യയുടെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കുമായി അക്ഷയ് കുമാർ; ‘സർഫിറ’ ട്രെയിലർ ശ്രദ്ധ നേടുന്നു…

തമിഴകത്തിന്റെ നടിപ്പിൻ നായകനായ സൂര്യയെ നായകനാക്കി സുധ കൊങ്ങര ഒരുക്കിയ ചിത്രമാണ് സൂരറൈ പോട്രു. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്ത ഈ ചിത്രം സൂര്യക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടിക്കൊടുത്തിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയ സര്‍ഫിറയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്.

തമിഴിൽ സൂര്യ അവതരിപ്പിച്ച നായക വേഷം ഹിന്ദിയിൽ ചെയ്തിരിക്കുന്നത് അക്ഷയ് കുമാറാണ്. ചിത്രത്തിന്റെ ട്രെയിലറിൽ അതിഥി വേഷത്തിലെത്തുന്ന സൂര്യയെയും കാണാൻ സാധിക്കും. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്ത ഈ ഹിന്ദി റീമേക്കിൽ പരേഷ് റാവൽ, പ്രശസ്ത തമിഴ് നടൻ ശരത് കുമാർ, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവരും വേഷമിട്ടിട്ടുണ്ട്.

അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേർന്നാണ് ഈ ഹിന്ദി റീമേക്ക് നിർമ്മിച്ചിരിക്കുന്നത്. സുധ കൊങ്ങരക്കൊപ്പം ശാലിനി ഉഷാദേവിയും ചേർന്നാണ് ഹിന്ദിയിൽ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വരുന്ന ജൂലൈ 12 ന് സര്‍ഫിറ തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ജി.വി. പ്രകാശ് കുമാർ, തനിഷ്‌ക് ബാഗച്ചി, സുഹിച് അഭയങ്കർ എന്നിവർ ചേർന്നാണ് സർഫിറക്ക് സംഗീതമൊരുക്കിയിരിക്കുന്നത്.

എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത മലയാളി നടിയായ അപർണ്ണ ബാലമുരളിയായിരുന്നു തമിഴിൽ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഇതിലൂടെ അപർണ്ണയും നേടിയെടുത്തിരുന്നു.

പ്രണയിച്ച് ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും; ‘ലക്കി ഭാസ്‌കർ’ ആദ്യ ഗാനം ‘മിണ്ടാതെ’ റിലീസായി…

തനി കാസർഗോഡൻ ഗാനവുമായി ജാസി ഗിഫ്റ്റ്, വീഡിയോ പുറത്ത്; ധ്യാനിന്റെ ത്രില്ലർ ‘പാർട്നേഴ്സ്’ ജൂൺ 28ന്…