മലയാളത്തിനും മുന്നേ ഹിന്ദിയിൽ ‘ദൃശ്യം 3’ എത്തിക്കാൻ അജയ് ദേവ്ഗൺ; റിപ്പോർട്ട്

രണ്ട് മാസങ്ങൾക്കു മുൻപാണ് ബ്ലോക്ക്ബസ്റ്റർ മലയാളം സിനിമാ സീരിസ് ആയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മോഹൻലാൽ- ജീത്തു ജോസഫ് ടീം പ്രഖ്യാപിച്ചത്. ഇന്ത്യ മുഴുവൻ തരംഗമായ ദൃശ്യം സീരിസ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി മുതലായ ഇന്ത്യൻ ഭാഷകളിലും കൊറിയൻ, ചൈനീസ്, ഇൻഡോനേഷ്യൻ, സിംഹളീസ് ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും വരുന്നതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ദൃശ്യം 3 എന്ന ഒറിജിനൽ മലയാളം പതിപ്പ് വരുന്നതിനു മുൻപ് തന്നെ, ദൃശ്യം 3 ഹിന്ദി പതിപ്പ് പുറത്ത് വരും. ദൃശ്യം, ദൃശ്യം 2 എന്നിവ ഹിന്ദിയിൽ റീമേക്ക് ചെയ്ത ബോളിവുഡ് താരം അജയ് ദേവ്ഗണും ടീമുമാണ് ദൃശ്യം മൂന്നാം ഭാഗം വേഗം എത്തിക്കാൻ തയ്യാറടുക്കുന്നത്. എന്നാൽ മലയാളത്തിൽ നിന്ന് വ്യത്യസ്തമായ പുതിയ ഒരു കഥ ആയിരിക്കും ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗത്തിൽ ഉണ്ടാവുക എന്നാണ് സൂചന.
മലയാളം ദൃശ്യത്തിന്റെ അണിയറ പ്രവർത്തകരായ ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ദൃശ്യം 3 വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ഒരുക്കാൻ പ്ലാൻ ചെയ്യുന്നു എന്ന വാർത്തകൾ പ്രചരിച്ചതിനെ പിന്നാലെയാണ് മറ്റൊരു കഥയുമായി ഹിന്ദി പതിപ്പ് ആദ്യം തുടങ്ങുമെന്ന റിപ്പോർട്ടുകൾ വരുന്നത്. പനോരമ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ദൃശ്യം 3 ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാൻ പോകുന്നത് ദൃശ്യം 2 ഹിന്ദിയിൽ റീമേക്ക് ചെയ്ത അഭിഷേക് പാഥക് ആയിരിക്കും.
ഒറിജിനൽ മലയാളം ദൃശ്യം 3 ഈ വർഷം അവസാനമോ അടുത്ത വർഷമോ മാത്രമേ സംഭവിക്കു എന്ന വാർത്തകളാണ് നേരത്തെ വന്നത്. അതിൽ ഇനി മാറ്റങ്ങൾ സംഭവിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാള സിനിമാ പ്രേമികളും ആരാധകരും. ഇപ്പോൾ ബിജു മേനോൻ- ജോജു ജോർജ് ടീം ഒന്നിക്കുന്ന ‘വലതു വശത്തെ കള്ളൻ’ എന്ന ചിത്രം സംവിധാനം ചെയ്യുന്ന ജീത്തു ജോസഫിന് ദൃശ്യം 3 കൂടാതെ മോഹൻലാൽ നായകനായ റാം, ഫഹദ് ഫാസിൽ നായകനായ ഒരു ചിത്രം എന്നിവയും തീർക്കാനുണ്ട്. ഇതിനൊപ്പം മോഹൻലാൽ നായകനായ മറ്റൊരു ചിത്രവും ജീത്തുവിന്റെ പ്ലാനിലുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്.