‘ആട് 3’ ക്ക് വേണ്ടി കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ഫാന്റസി ചിത്രം

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ഫാൻ്റസി ചിത്രത്തിനായി ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനിയും വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും ഒന്നിക്കുന്നു. ഈ സീരിസിലെ ആദ്യ ചിത്രങ്ങളായ ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവ ഫ്രൈഡേ ഫിലിം ഹൌസ് തന്നെയാണ് നിർമ്മിച്ചത്. എന്നാൽ തങ്ങളുടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രത്തിനായി കാവ്യാ ഫിലിം കമ്പനിയുമായി കൈകോർക്കുകയാണ് ഫ്രൈഡേ ഫിലിം ഹൌസ്.
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018, 50 കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി കൂടെ കടന്നു വരുമ്പോൾ ആട് 3 കൂടുതൽ പ്രതീക്ഷ പകരുകയാണ്. 40 മുതൽ 50 കോടി വരെയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് വാർത്തകൾ പറയുന്നത്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3. കഴിഞ്ഞ മാസം ഷൂട്ടിംഗ് ആരംഭിച്ച ആട് 3 യുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.
ജയസൂര്യ നായകനായ ചിത്രത്തിൽ വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ചെമ്പൻ വിനോദ്, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. 2025 ക്രിസ്മസ് റിലീസായി പ്ലാൻ ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും എന്നാണ് റിപ്പോർട്ട്.
English Summary: Aadu 3, a big-budget fantasy film by Midhun Manuel Thomas, is co-produced by Kavya Film Company and Friday Film House. Starring Jayasurya, it’s targeting a Christmas 2025 release.