കൂടുതൽ വലുതായി ‘എമ്പുരാൻ’, ചിത്രം മറ്റ് ഭാഷകളിലേക്കും; ലൂസിഫർ കോർ ടീമിന്റെ വീഡിയോ പുറത്ത്…
ഒരു പ്രഖ്യാപനം ഇന്ന് (ഓഗസ്റ്റ് 17ന്) ഉണ്ടാകും എന്ന് ആശിർവാദ് സിനിമാസും ആന്റണി പെരുമ്പാവൂറും മുൻപ് അറിയിച്ചിരുന്നു. അത് മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ വിജയമായി മാറിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ സംബന്ധിച്ചുള്ളത് ആണെന്ന് രാവിലെ തന്നെ സൂചന ലഭിച്ചിരുന്നു. ഇപ്പോളിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ലൂസിഫർ കോർ ടീം ഒന്നിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുക ആണ്.
9 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നായകൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചിത്രത്തെ കുറിച്ച് സംസാരിച്ചു. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ചർച്ചയ്ക്ക് ആയി ഒത്തുകൂടിയപ്പോൾ പകർത്തിയ വീഡിയോ ആണിത്. 2018ൽ ഒടിയൻ സെറ്റിൽ വെച്ച് ആയിരുന്നു ലൂസിഫർ ഒഫീഷ്യലി ഓൺ ദി ഫ്ലോർ ആയത് എന്നും അതിന് സമാനമായ ദിവസമാണിത് ഇത് എന്നും പൃഥ്വിരാജ് പറഞ്ഞു. വലിയ അവകാശവാദങ്ങൾ ഇല്ല. ലാലേട്ടൻ സ്റ്റാർ ചെയ്യുന്ന ഒരു കൊമേഴ്സ്യൽ എന്റർടൈനർ ആണ്. എല്ലാത്തരം പ്രേക്ഷകർക്കും കയ്യടിച്ചു കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരു എന്റർടൈനർ ആണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. വീഡിയോ:
“ലൂസിഫർ എന്ന സിനിമയ്ക്ക് നിങ്ങൾ തന്ന ഈ വലിയ സ്വീകരണത്തിന്റെയും വലിയ വിജയത്തിന്റെയും കോൺഫിഡൻസിൽ കുറച്ചൂടെ വലുതായിട്ട് ആണ് ഞങ്ങൾ ഇത്തവണ സ്വപ്നം കാണുന്നത്. ആ വലുപ്പത്തിൽ എന്നോടൊപ്പം കഴിഞ്ഞ പ്രാവശ്യം നിന്നപ്പോലെ ലാലേട്ടനും ആന്റണി ചേട്ടനും മുരളിയും കാസ്റ്റ് ആൻഡ് ക്രൂവും എല്ലാരും ഉണ്ടാവും എന്ന കോൺഫിഡൻസിൽ ഇന്നുമുതൽ ഞങ്ങൾ ചിത്രം തുടങ്ങുക ആണ്. ” പൃഥ്വിരാജ് പറഞ്ഞു.
3 പാർട്ട് സീരിസിന്റെ സെക്കൻഡ് ഇൻസ്റ്റാൾമെന്റ് എന്ന രീതിയിൽ ആണ് ചിത്രത്തെ കൺസീവ് ചെയ്തിരിക്കുന്നത് എന്ന് മുരളി ഗോപി പറഞ്ഞു. ലൂസിഫറിനെ വെച്ചു ചിന്തിക്കുമ്പോൾ അതിന് മുകളിൽ നിൽക്കണം എമ്പുരാൻ എന്നും അതിനുള്ള സാദ്ധ്യതകൾ ഉണ്ട് എന്നും അതിനുള്ള ശ്രമമാണ് ഇതെന്നും രാജുവിന് അത് കഴിയും എന്നും മോഹൻലാൽ പറഞ്ഞു. മലയാളത്തിൽ ഒതുങ്ങുന്ന സിനിമയല്ല എമ്പുരാൻ എന്ന് ആന്റണി പറഞ്ഞു. ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്കും പോകുന്ന വലുപ്പത്തിൽ ഉള്ളൊരു സിനിമയെ മലയാളത്തിൽ നിന്ന് ഉണ്ടാക്കാനുള്ളൊരു ശ്രമത്തിന്റെ ഭാഗം കൂടി ഈ സിനിമയിൽ ഉണ്ട് എന്നും ആന്റണി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പീരിയോഡിക്കലി അറിയിക്കാം എന്ന് പൃഥ്വിരാജും ടീമും പറഞ്ഞു.