‘ഹൃദയ’ത്തിലെ നടൻ സംവിധായകനാകുന്നു; സുരാജും ബേസിലും സൈജുവും താരനിരയില്‍…
നിരവധി പുതുമുഖ സംവിധായകരെ മലയാളത്തിന് സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ്. പുതിയ ചിത്രത്തിലൂടെ മറ്റൊരു നവാഗതനായ സംവിധായകനെ കൂടി മലയാളത്തിന് സമ്മാനിക്കാൻ ഒരുങ്ങുക ആണ് ഫ്രൈഡേ ഫിലിംസ്. ‘ഹൃദയം’ എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിൽ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യൻ ചന്ദ്രശേഖർ ആണ് സംവിധായകനായി അരങ്ങേറുന്നത്.
കോമഡി ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരഞ്ജന അനൂപ് നായികയാകുന്ന ഈ ചിത്രത്തിൽ തൻവി റാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഉത്തര മലബാറിലെ ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല.
സംവിധായകൻ ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് രചിക്കുന്നത്. ഇഫ്തി ആണ് സംഗീത സംവിധാനം. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ലിജോ പോൾ ആണ്. പ്രധാന വേഷങ്ങളിൽ എത്തുന്ന താരങ്ങളെ കൂടാതെ രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും ഉൾപ്പെടുന്ന താരനിരയിൽ ഇരുപത്തിയഞ്ചോളം പുതുമുഖ താരങ്ങളും ഉണ്ടാവും.