in ,

താരപകിട്ടിൽ ചിന്തനീയമായ വാണിജ്യ സിനിമ; ‘എതർക്കും തുനിന്തവന്‍’ റിവ്യൂ

താരപകിട്ടിൽ ചിന്തനീയമായ വാണിജ്യ സിനിമ; ‘എതർക്കും തുനിന്തവന്‍’ റിവ്യൂ

രണ്ടര വർഷത്തിന് ശേഷം ആണ് ബിഗ് സ്ക്രീനിലേക്ക് ഒരു സൂര്യ ചിത്രം എത്തുന്നത്. ‘സൂരറൈ പോട്ര്’, ‘ജയ് ഭീം’ എന്നീ മെഗാ ഹിറ്റ്‌ ചിത്രങ്ങൾ ഇതിന് ഇടയ്ക്ക് എത്തിയെങ്കിലും ഒടിടി റിലീസ് ആയിരുന്നു. കാപ്പാൻ എന്ന 2019ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷമുള്ള ആ കാത്തിരിപ്പ് അവസാനിക്കാൻ ഇന്ന് തീയേറ്ററിൽ ‘എതർക്കും തുനിന്തവന്‍’ എന്ന ചിത്രം എത്തേണ്ടി വന്നു. സൂപ്പർതാരം സൂര്യയെ നായകനാക്കി ഈ ചിത്രം ഒരുക്കിയത് പാണ്ടിരാജ് ആണ്. മാസ് സിനിമകളിലേക്ക് ഉള്ള സൂര്യയുടെ മടക്കം എന്ന നിലയിൽ ആണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാലും ഒടിടിയിൽ എത്തിയ സൂര്യ ചിത്രങ്ങൾ പോലെ തന്നെ സോഷ്യൽ മെസേജ് നൽകുന്ന ശക്തമായ വിഷയം തന്നെ ഈ ചിത്രവും കൈകാര്യം ചെയ്യുന്നും ഉണ്ട്.

കുപ്രസിദ്ധമായ പൊള്ളാച്ചി ലൈംഗികാതിക്രമ കേസുമായി അടിസ്ഥാനപ്പെടുത്തിയാണ് ‘എതർക്കും തുനിന്തവന്‍’ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിൽ കണ്ണബിരാൻ എന്ന വക്കീൽ കഥാപാത്രമായി ആണ് സൂര്യ എത്തുന്നത്. ജയ് ഭീമിൽ നിന്ന് വ്യത്യസ്തമായി കോടതിയിലുള്ള പോരാട്ടത്തിൽ മാത്രം ഒതുങ്ങുന്നത് അല്ല കണ്ണബിരാന്റെ പോരാട്ടങ്ങൾ. കണ്ണബിരാന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കോട്ട് ഊരി മുണ്ട് ഉടുത്താല്‍ ജഡ്ജി താന്‍ തന്നെയാണ്. കുടുംബമായി സന്തോഷത്തോടെ പോകുമ്പോൾ കണ്ണബിരാന്റെ ഗ്രാമത്തിൽ തുടർച്ചയായുള്ള ആത്മഹത്യകളും അപകടമരണങ്ങളും സംഭവിക്കുന്നു. ഇതിൽ അസ്വഭാവികത നായകന് തോന്നുന്നിടത്ത് നിന്ന് ആണ് ചിത്രം ഗൗരകരമായ വിഷയത്തിലേക്ക് എത്തുന്നത്. ഫാമിലി ട്രാക്കിൽ നിന്ന് ത്രില്ലറിലേക്ക് ഉള്ള ചുവട് മാറ്റം ആണ് അവിടെ സംഭവിക്കുന്നത്.

സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളും, അത് മൂലം വ്യക്തിപരമായി അവർക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ, അവർ വിധേയരായ ക്രൂര വിധികൾ തുടങ്ങിയവ ഒക്കെയും ചിത്രം വരച്ചുകാണിക്കുന്നുണ്ട്. മിക്ക ഇരകൾക്കും നിയമപരമായ നീതി എത്രത്തോളം അപ്രാപ്യമാണ് എന്നതും ചിത്രം കാണിക്കുന്നുണ്ട്. പണത്തിന്റെയും രാഷ്ട്രീയത്തിന്റെ സ്വാധീനം ഇത്തരം കാര്യങ്ങൾ വഹിക്കുന്ന പങ്കും ചിത്രം കാണിച്ചു തരുന്നു. ഇത്തരത്തിൽ വളരെ ഗൗരവമായ വിഷയങ്ങൾ ആണ് കൊമേർഷ്യൽ ചേരുവകളോടെ എത്തുന്ന ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.

സൂര്യ ഒരിക്കൽ കൂടി മാസ് പരിവേഷത്തിലേക്ക് തിരികെ എത്തുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്സിൽ ഒന്ന്. പ്രകടനം കൊണ്ട് സിനിമ സൂര്യയുടെ ഷോ ആണെന്ന് പറയാം. ആക്ഷൻ രംഗങ്ങളിൽ ആയാലും പ്രണയം-വൈകാരിക രംഗങ്ങളിൽ ആയാലും താരം മികച്ചു നിൽക്കുന്നു. നായികയായി എത്തിയ പ്രിയങ്ക മോഹൻ വെറുമാരു കഥാപാത്രമായി മാത്രം ഒതുങ്ങുന്നില്ല. ചിത്രത്തിൽ പ്രധാന്യമായ റോൾ തന്നെ ഉണ്ട്. ഒപ്പം സത്യരാജ്, ശരണ്യ പൊൻവർണൻ എന്നിവരും അവരുടെ കഥാപാത്രങ്ങളെ മികച്ചത് ആക്കി. വില്ലൻ വേഷത്തിൽ എത്തിയ വിനയും അതിഗംഭീര പ്രകടനം ആണ് നടത്തിയത്.

ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരേ പോലെ തൃപ്തി പ്പെടുത്താനും എന്താണോ സിനിമ സംസാരിക്കുന്ന വിഷയങ്ങൾ അത് പ്രേക്ഷകരിലേക്ക് എത്തിക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. അതിൽ സംവിധായകൻ വിജയിക്കുന്നു എന്ന് പറയാം. ഊഹിക്കാവുന്ന കഥ, ചില ക്ളീഷേ രംഗങ്ങൾ, അമിതമായ വൈകാരിക രംഗങ്ങൾ ഇവയൊക്കെ ചിലപ്പോൾ ഒരു പോരായ്മ ആയി തോന്നിയേക്കാം. അതേ പോലെ ഗാനങ്ങൾ വന്നെത്തുന്നതും. എങ്കിലും ആകെ തുകയിൽ ചിത്രം പ്രേക്ഷകർക്ക് നല്ല ആസ്വാദനം നൽകുന്നുണ്ട്. അതിന് വലിയ കരുത്ത് ആകുന്നത് നായകനും വില്ലനും തമ്മിലുള്ള പോരാട്ടം ചിത്രത്തിന് നൽകുന്ന ത്രില്ലര്‍ സ്വഭാവവും വേഗതയും ഒപ്പം അതി ഗംഭീരമായ ക്ലൈമാക്സും ആണ്. ഡി ഇമ്മൻ ഒരുക്കിയ സംഗീതവും ആർ രത്‌നവേലിന്റെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്താക്കുന്നുണ്ട്.

അർത്ഥവത്തായതും പുരോഗമനപരവുമായ കാര്യങ്ങൾ മുന്നോട്ട് വെക്കാനും അതിനോട് ഒപ്പം വാണിജ്യ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താനും കഴിയുന്ന ഒരു ചിത്രമാണ് ‘എതർക്കും തുനിന്തവന്‍’ എന്ന് നിസംശയം പറയാം. സൂപ്പർ താരങ്ങളുടെ മാസ് ചിത്രങ്ങളിലൂടെ ഇതേ പോലെ സോഷ്യൽ മെസേജുകൾ എത്തിക്കാൻ കഴിയുന്നത് പ്രശംസിക്കേണ്ട കാര്യമാണ്. ആകെ തുകയിൽ, മികച്ച ഒരു തിയേറ്റർ അനുഭവം നൽകുന്ന ചിത്രം തീയേറ്ററുകളിൽ കണ്ട് ആസ്വദിക്കാം.

ആരാധകരെ ത്രസിപ്പിച്ച് തമന്നയുടെ പുതിയ വീഡിയോ ഗാനം; വൈറൽ ഹിറ്റ്….

“പ്രേക്ഷകരെ രസിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, ഇനി വിലയിരുത്തേണ്ടത് നിങ്ങൾ”, നൈറ്റ് ഡ്രൈവിനെ കുറിച്ച് വൈശാഖ് പറയുന്നു…