123 ദിവസങ്ങൾ നീണ്ട ചിത്രീകരണം; ഒടിയൻ ചിത്രീകരണം പൂർത്തിയായി!
വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്‍റെ ചിത്രീകരണം പൂർത്തിയായി. വിവിധ ഷെഡ്യൂളുകളിൽ 123 ദിവസങ്ങൾ ആണ് ചിത്രീകരണത്തിനായി ഒടിയൻ എടുത്തത്. വാരണാസി, പാലക്കാട് എന്നിവടങ്ങളിൽ ആയിരുന്നു ഒടിയന്‍റെ ചിത്രീകരണം.
പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ ഒടിയൻ നിറഞ്ഞു തന്നെ നിന്നു. ഒടിയന് വേണ്ടി മോഹൻലാൽ നടത്തിയ രൂപമാറ്റം ശ്രദ്ധേയമായി. ഒടിയൻ ലുക്കിൽ ഉള്ള മോഹൻലാലിന്‍റെ ഓരോ പുതിയ ചിത്രങ്ങളും മലയാള സിനിമാ പ്രേക്ഷകരും ആരാധകരും ആഘോഷമാക്കി. ഇപ്പോൾ ഒടിയൻ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. ഒടിയൻ ടീം എല്ലാരും ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് ചിത്രീകരണം പൂർത്തിയായ കാര്യം മോഹൻലാൽ പ്രേക്ഷകരോട് പങ്കുവെച്ചത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരംഭം കൂടി ആണ്. മാധ്യമപ്രവർത്തകനും ദേശീയ അവാർഡ് ജേതാവുമായ ഹരികൃഷ്ണൻ ആണ് ഒടിയന്റെ തിരക്കഥ ഒരുക്കിയത്. ഷാജി കുമാർ ആണ് ക്യാമറ കൈകാരം ചെയ്യുന്നത്. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്‌ൻ ആണ്. ഇരുവരും മോഹൻലാലിനൊപ്പം വൈശാഖ് ഒരുക്കിയ ബ്ലോക്കബ്സ്റ്റർ ചിത്രം പുലിമുരുകനിലും ഒന്നിച്ചിരുന്നു. താരനിരയിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ, നരേൻ തുടങ്ങിയ താരങ്ങളും ഉണ്ട്.
ഈ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാം സ്ഥാനം ഒടിയന് തന്നെ ആണെന്ന് നിസംശയം പറയാം. മലയാളം കണ്ട ഏറ്റവും വലിയ റിലീസ് ആയിട്ട് ആയിരിക്കും ഒടിയൻ തീയേറ്ററുകളിൽ എത്തുക.