in

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ദൈവമേ കൈതൊഴാം കെ കുമാറാകണം; റിവ്യൂ വായിക്കാം

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ദൈവമേ കൈതൊഴാം കെ കുമാറാകണം; റിവ്യൂ വായിക്കാം

ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ മലയാള ചിത്രം ആണ് ജയറാം നായകൻ ആയ ദൈവമേ കൈതൊഴാം കെ കുമാറാകണം. നടനും സംവിധായകനുമായ സലിം കുമാർ ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഈ ഫാമിലി എന്റർറ്റെയിനെർ. ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നതും സലിം കുമാർ തന്നെയാണ്. കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നീ ഓഫ്‌ബീറ്റ്‌ ചിത്രങ്ങൾക്ക് ശേഷം സലിം കുമാർ ഒരുക്കിയ ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യത്തെ കമ്പ്ലീറ്റ് എന്റെർറ്റൈനെർ കൂടിയാണെന്ന സവിശേഷതയും ഉണ്ട്. അനുശ്രീ ആണ് ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജയറാമും അനുശ്രീയും ഭർത്താവും ഭാര്യയും ആയി അഭിനയിക്കുന്ന ഈ ചിത്രത്തിൽ, അവരുടെ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഫാന്റസി ഇടകലർത്തിയാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. മനുഷ്യരെ പറ്റി പഠിക്കാൻ ദൈവം ഭൂമിയിൽ എത്തുന്നു. ഭൂമിയിൽ തനിക്കു താമസിക്കാൻ ദൈവം കണ്ടത്തുന്ന സ്ഥലം ഗ്രാമസേവകനായ കൃഷ്ണകുമാറിന്റെ വീടാണ്. കൃഷ്ണ കുമാറും ഭാര്യ നിർമ്മലവും താമസിക്കുന്ന വീട്ടിൽ ദൈവം കൂടി താമസം തുടങ്ങുകയും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സലിം കുമാർ ഇത്തവണ നന്മ നിറഞ്ഞ, രസകരമായ ഒരു കുടുംബ ചിത്രവുമായാണ് എത്തിയത്. വളരെ ലളിതമായ ഒരു കഥയിൽ കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ചിരിയും ചിന്തയും ചാലിച്ച് സലിം കുമാർ നമ്മളോട് പറഞ്ഞപ്പോൾ അത് പതിവ് പോലെ മറഞ്ഞു തുടങ്ങുന്ന മലയാളിത്തത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയായി എന്ന് മാത്രമല്ല പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന നമ്മുടെ ആ പഴയ ജയറാമിനെ തിരിച്ചു കൊണ്ട് വരൽ കൂടി ആയി മാറി. . ഒരു തിരക്കഥാ രചയിതാവ് എന്ന നിലയിലും സലിം കുമാർ മികവ് തെളിയിച്ചു. അതീവ രസകരമായ കഥാ സന്ദര്ഭങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും ഒരുക്കാനദ്ദേഹത്തിനായി. തികച്ചും വിശ്വസനീയമായ സന്ദര്ഭങ്ങളിലൂടെ കഥ അവതരിപ്പിക്കാൻ സലിം കുമാറിന് കഴിഞ്ഞു. ആക്ഷേപ ഹാസ്യത്തിന്റെ സാധ്യതകളും സലിം കുമാർ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ചിത്രത്തെ കൂടുതൽ രസകരമാക്കുന്ന ഒരു കാര്യം. ചിരിയോടൊപ്പം ചെറിയ ചെറിയ ചിന്തകളുംപകർന്നു നൽകുന്നതിൽ സലിം കുമാർ എന്ന സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഫാന്റസി ആദ്യം മുതൽ അവസാനം വരെ ഈ ചിത്രത്തിന്റെ ഒരു ഭാഗം ആണ്. അതോടൊപ്പം ആക്ഷേപ ഹാസ്യം വളരെ ശ്കതമായി ഉപയോഗിച്ച് ഇന്ന് നമ്മുടെ കേരളത്തിൽ നടക്കുന്ന കാര്യങ്ങളെ വിമർശിച്ചിട്ടുമുണ്ട് ഈ ചിത്രത്തിൽ.

ജയറാമിന്റെ പ്രകടനം ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. സാധാരണക്കാരനായ മലയാളി ആയി ഒരിക്കൽ കൂടി ജയറാം തകർത്തു വാരിയിട്ടുണ്ട് ചിത്രത്തിൽ. ജയറാമിന് മാത്രം സാധിക്കുന്ന രസകരങ്ങളായ ഭാവ പ്രകടനങ്ങളും സംഭാഷണ രീതിയുമെല്ലാം വളരെ നന്നായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് ഈ ചിത്രത്തിൽ. ജയറാമിന്റെ സാന്നിധ്യം ചിത്രത്തിന് നൽകിയ എനർജി ഗംഭീരമായിരുന്നു. അത് പോലെ തന്നെ കയ്യടി നേടിയ പ്രകടനം ആണ് നായികാ വേഷത്തിൽ എത്തിയ അനുശ്രീ കാഴ്ച വെച്ചത്. ഏറെ രസകരമായ രീതിയിൽ ജയറാമിനൊപ്പം കട്ടക്ക് നിൽക്കുന്ന രീതിയിൽ അനുശ്രീ അഭിനയിച്ചു എന്ന് പറയാം. സലിം കുമാർ, നെടുമുടി വേണു എന്നിവരും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയപ്പോൾ മറ്റു അഭിനേതാക്കൾ ആയ, കുളപ്പുള്ളി ലീല, ശ്രീനിവാസൻ, സുരഭി ലക്ഷ്മി, കൊച്ചു പ്രേമം , ശിവാജി ഗുരുവായൂർ, അഞ്ജലി അനീഷ്, ഇന്ദ്രൻസ്, കോട്ടയം പ്രദീപ്, ഹരിശ്രീ അശോകൻ എന്നിവരും മികച്ച പ്രകടനം തന്നെ നൽകി ചിത്രത്തിന് വേണ്ടി.

നാദിർഷ ഒരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ സിനു സിദ്ധാർഥ് ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള രീതിയിൽ ദൃശ്യങ്ങൾ ഒരുക്കിയ ഛായാഗ്രാഹകൻ ഈ സിനിമയുടെ മുന്നോട്ടുള്ള ഒഴുക്കിനെ കൂടി തന്റെ ദൃശ്യങ്ങളാൽ സ്വാധീനിച്ചു എന്ന് നമ്മുക്ക് പറയാൻ സാധിക്കും. അതുപോലെ റിയാസിന്റെ എഡിറ്റിംഗ് മികവ് ചിത്രത്തിന് മികച്ച ഒഴുക്കും സാങ്കേതിക നിലവാരവും പ്രദാനം ചെയ്തു.

ദൈവമേ കൈതൊഴാം കെ കുമാറാകണം പേര് പോലെ തന്നെ രസകരമായ ഒരു മികച്ച കുടുംബ ചിത്രം ആണ്. ചിരിയും കൊച്ചു കൊച്ചു സങ്കടങ്ങളും ചിന്തയും എല്ലാം ഒത്തു ചേർന്ന ഒരു കുടുംബ ചിത്രം എന്ന് ഈ ചിത്രത്തെ കുറിച്ച് നമ്മുക്ക് പറയാം. ജയറാം എന്ന ജനപ്രിയ നടന്റെ ഒരു വലിയ തിരിച്ചു വരവ് തന്നെയാണ് ഈ സലിം കുമാർ ചിത്രം.

മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്‍റെ ‘ഒടിയൻ കലണ്ടർ’ മമ്മൂട്ടി പ്രകാശനം ചെയ്തു!

“എന്‍റെ സിനിമയിൽ അഭിനയിച്ചു എനിക്കൊരു ജീവിതം തന്ന പൃഥ്വി ആയിരുന്നു എന്നും ഞങ്ങളുടെ ഫസ്റ്റ് ചോയ്സ്”: ആർ എസ് വിമൽ