‘സംവിധായകൻ്റെ നടൻ’; ചരിത്ര വേഷങ്ങളിലെ മോഹൻലാൽ മാജിക്, വിമർശനങ്ങൾക്കുള്ള മറുപടി ഇങ്ങനെ

ചരിത്ര സിനിമകളിലും ഇതിഹാസ കഥാപാത്രങ്ങളായും എത്തുമ്പോൾ നടൻ മോഹൻലാലിന് വേണ്ടത്ര ശോഭിക്കാൻ കഴിയുന്നില്ലെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ഉയർന്നു വരാറുണ്ട്. രാജാവായോ പോരാളിയായോ എത്തുമ്പോൾ അദ്ദേഹത്തിന്റെ ശരീരഭാഷ കഥാപാത്രത്തിന് ഇണങ്ങുന്നില്ലെന്നതാണ് പ്രധാന ആരോപണം. എന്നാൽ ഇത്തരം വിമർശനങ്ങളെ യുക്തിസഹമായി നേരിടുകയും, മോഹൻലാൽ എന്ന നടന്റെ പ്രതിഭയെ ചരിത്ര വേഷങ്ങളിൽ എങ്ങനെയാണ് അളക്കേണ്ടതെന്നും വ്യക്തമാക്കുന്ന രാഹുൽ നാരായണൻ്റെ ഫേസ്‌ബുക്ക് കുറിപ്പാണ് ഇപ്പോൾ ചലച്ചിത്ര പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
മോഹൻലാലിന്റെ ചരിത്ര വേഷങ്ങൾ പലപ്പോഴും പരാജയപ്പെടുന്നത് അദ്ദേഹത്തിന്റെ മാത്രം കുഴപ്പം കൊണ്ടല്ലെന്നും, അതിന് പിന്നിൽ വ്യക്തമായ സാങ്കേതിക കാരണങ്ങൾ ഉണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ചമയം, വസ്ത്രാലങ്കാരം, എഴുത്ത്, സംവിധാനം എന്നിവയുടെ പിഴവുകളാണ് പലപ്പോഴും തിരിച്ചടിയാകുന്നത്. മോഹൻലാൽ പൂർണ്ണമായും സംവിധായകനെ വിശ്വസിക്കുന്ന ഒരു നടനാണ് (Director’s Actor). സംവിധായകൻ ആവശ്യപ്പെടുന്നതിനപ്പുറം വേഷവിധാനത്തിലോ ചമയത്തിലോ അദ്ദേഹം ഇടപെടാറില്ല. അതിനാൽത്തന്നെ ‘വൃഷഭ’ പോലുള്ള ചിത്രങ്ങളിലെ ലുക്ക് വെച്ച് അദ്ദേഹത്തെ വിലയിരുത്തുന്നത് ശരിയല്ലെന്നും കുറിപ്പിൽ പറയുന്നു.
മോഹൻലാൽ ചരിത്ര വേഷങ്ങളിൽ പരാജയമാണെന്ന് പറയുന്നവർ സൗകര്യപൂർവ്വം മറക്കുന്ന ചില ഉദാഹരണങ്ങളും കുറിപ്പിലുണ്ട്. കാവാലം നാരായണപ്പണിക്കരുടെ സംവിധാനത്തിൽ മോഹൻലാൽ തകർത്താടിയ സംസ്കൃത നാടകമായ ‘കർണ്ണഭാരം’ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ഇടിമുഴക്കം പോലുള്ള ശബ്ദവിന്യാസം കൊണ്ടും അസാമാന്യമായ മെയ്‌വഴക്കം കൊണ്ടും അദ്ദേഹം വേദിയിൽ വിസ്മയം തീർത്തിട്ടുണ്ട്. കർണ്ണനെ അദ്ദേഹം എത്രത്തോളം ആഴത്തിൽ ഉൾക്കൊണ്ടു എന്നത് ആ നാടകം കണ്ടവർക്ക് ബോധ്യമാകും.
സിനിമയിലേക്ക് വന്നാൽ മണിരത്നത്തിന്റെ ‘ഇരുവർ’ എന്ന ക്ലാസിക് ചിത്രത്തിലെ ആനന്ദൻ എന്ന കഥാപാത്രത്തെ ആർക്കും മറക്കാനാവില്ല. എംജിആറിനെ അനുകരിക്കുകയായിരുന്നില്ല, മറിച്ച് തന്റേതായ അഭിനയ ശൈലിയിലൂടെ ആ വ്യക്തിത്വത്തെ ആവാഹിക്കുകയായിരുന്നു മോഹൻലാൽ ചെയ്തത്. സംവിധായകൻ കട്ട് പറയാൻ പോലും മറന്നുപോയ നിമിഷങ്ങൾ ആ സിനിമയിൽ ഉണ്ടായിരുന്നു. കൂടാതെ ‘കായംകുളം കൊച്ചുണ്ണി’യിലെ ഇത്തിക്കര പക്കിയായും, സംസ്ഥാന അവാർഡ് നേടിയ ‘പരദേശി’യിലെ വലിയകത്ത് മൂസയായും അദ്ദേഹം നടത്തിയ പ്രകടനങ്ങൾ ചരിത്ര വേഷങ്ങളിലെ അദ്ദേഹത്തിന്റെ വഴക്കത്തിന് തെളിവാണ്.
ചരിത്ര വേഷങ്ങൾ ചെയ്യുമ്പോൾ മോഹൻലാലിന്റെ ശരീരഭാഷയ്ക്ക് പരിമിതികളുണ്ടെന്ന് പറയുന്നവർ, മികച്ച അണിയറപ്രവർത്തകർക്കൊപ്പം ചേരുമ്പോൾ അദ്ദേഹം സൃഷ്ടിക്കുന്ന മാജിക് കാണാതെ പോകരുതെന്നും കുറിപ്പ് ഓർമ്മിപ്പിക്കുന്നു.
