മെഗാസ്റ്റാറിന് മെഗാ ട്രിബ്യൂട്ട് ഒരുക്കാൻ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്; മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും

മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് തങ്ങളുടെ മൂന്നാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകരിൽ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ്. മമ്മൂട്ടിയോടുള്ള ആദരസൂചകമായി ഒരു ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ഇന്ന് രാവിലെ 11:11-ന് നടന്ന ചടങ്ങിലാണ് സിനിമയുടെ സുപ്രധാന പ്രഖ്യാപനം നടന്നത്.
നിരൂപക പ്രശംസയും ജനപ്രീതിയും ഒരുപോലെ നേടിയ ‘ഉണ്ട’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ഈ പ്രോജക്റ്റിന്റെ ഏറ്റവും വലിയ സവിശേഷത. ഈ കൂട്ടുകെട്ട് വീണ്ടും വരുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖരായ സാങ്കേതിക പ്രവർത്തകരും വമ്പൻ താരനിരയും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു.
ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ എന്റർടെയ്നർ ‘മാർക്കോ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ആന്റണി വർഗീസ് (പെപ്പെ) നായകനാകുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി നിർമ്മാതാവ് ഷരീഫ് മുഹമ്മദ് തന്റെ അടുത്ത വമ്പൻ പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച സാങ്കേതിക തികവോടെ എത്തുന്ന ഈ ചിത്രം മലയാള സിനിമയ്ക്ക് തന്നെ ഒരു ദൃശ്യവിസ്മയമാകുമെന്നാണ് കരുതപ്പെടുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർഒ : ആതിര ദിൽജിത്ത്.


