കന്നഡ സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; അർജുൻ ജന്യയുടെ ’45’ ട്രെയിലർ പുറത്ത്

കന്നഡ സിനിമാലോകത്തെ അതികായന്മാരായ ശിവരാജ് കുമാറും ഉപേന്ദ്രയും, വേറിട്ട അഭിനയശൈലികൊണ്ട് ശ്രദ്ധേയനായ രാജ് ബി ഷെട്ടിയും ഒരേ സ്ക്രീനിൽ. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം “45” -ന്റെ ട്രെയിലർ പുറത്തിറങ്ങി. കന്നഡയിലെ പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യ ആദ്യമായി സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
കന്നഡ സിനിമയുടെ സ്ഥിരം ചട്ടക്കൂടുകൾക്ക് പുറത്തുനിന്നുകൊണ്ട് ഫാന്റസിയും ആക്ഷനും വൈകാരികതയും ഇഴചേർത്തൊരുക്കിയ ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ’45’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ദൃശ്യഭംഗിയിലും മേക്കിങ്ങിലും പുലർത്തിയിരിക്കുന്ന നിലവാരം കന്നഡ സിനിമയിൽ ഇതുവരെ കാണാത്ത തലത്തിലുള്ളതാണെന്ന് ട്രെയിലറിലെ രംഗങ്ങൾ വ്യക്തമാക്കുന്നു. മൂന്ന് സൂപ്പർ താരങ്ങളെയും ഒരേപോലെ പ്രാധാന്യം നൽകി, തികച്ചും സ്റ്റൈലിഷ് ലുക്കിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളും വിസ്മയിപ്പിക്കുന്ന വിഷ്വൽസും ചേരുമ്പോൾ ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.
കേരളത്തിലെ സിനിമാ പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ അപ്ഡേറ്റ്സ് ശ്രദ്ധ നേടുന്നുണ്ട്. ‘ഗരുഡ ഗമന വൃഷഭ വാഹന’, ‘കാന്താര’ തുടങ്ങിയ ചിത്രങ്ങളിലൂടെയും മമ്മൂട്ടി ചിത്രം ‘ടർബോ’, ‘കൊണ്ടൽ’ എന്നിവയിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ രാജ് ബി ഷെട്ടിയുടെ സാന്നിധ്യമാണ് ഒരു കാരണം. കൂടാതെ, ‘ജയിലർ’ എന്ന ചിത്രത്തിലെ കാമിയോ വേഷത്തിലൂടെ കേരളത്തിൽ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ച ശിവരാജ് കുമാറും, തെന്നിന്ത്യയാകെ ആരാധകരുള്ള ഉപേന്ദ്രയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വർദ്ധിക്കുക ആണ്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ “ആഫ്രോ തപാംഗ്” എന്ന ഗാനവും ടീസറും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളും മികച്ച പ്രകടനങ്ങളും കൊണ്ട് ’45’ ഒരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലറും ഉറപ്പുനൽകുന്നത്. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേശ് റെഡ്‌ഡി, ശ്രീമതി ഉമാ രമേശ് റെഡ്‌ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഡിസംബർ 25-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് അർജുൻ ജന്യ തന്നെയാണ്. സത്യ ഹെഗ്‌ഡെ ഛായാഗ്രഹണവും കെ.എം പ്രകാശ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഡോ. കെ. രവിവർമ്മ, ജോളി ബാസ്റ്റിയൻ തുടങ്ങിയ പ്രഗത്ഭരായ സ്റ്റണ്ട് മാസ്റ്റർമാരാണ് ചിത്രത്തിലെ സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പിആർഒ- ശബരി.


