ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര റിലീസുകളിൽ ഒന്നാകാൻ ‘ദൃശ്യം 3’; ആശിർവാദിനൊപ്പം കൈകോർത്ത് പനോരമയും പെൻ സ്റ്റുഡിയോസും

ഇന്ത്യൻ സിനിമയിൽ ഈ വർഷം നടന്ന ഏറ്റവും വലിയ പാൻ-ഇന്ത്യൻ ഏറ്റെടുക്കലിനാണ് മലയാളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ന്റെ തിയേറ്റർ, ഡിജിറ്റൽ വിതരണാവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്ന് സംയുക്തമായി സ്വന്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഇതോടെ ആഗോളതലത്തിൽ വിപുലമായ റിലീസിനൊരുങ്ങുകയാണ്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്തിയതും ആഘോഷിക്കപ്പെട്ടതുമായ ഫ്രാഞ്ചൈസികളിലൊന്നാണ് ദൃശ്യം. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിനൊപ്പം എല്ലാ ഭാഷകളിലുമുള്ള പ്രേക്ഷകരുടെ വലിയ പിന്തുണയും ചിത്രം നേടിയിരുന്നു. ദൃശ്യത്തിന്റെ റീമേക്കുകളും വലിയ തോതിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പനോരമ സ്റ്റുഡിയോസ് നിർമ്മിച്ച് അഭിഷേക് പഥക് സംവിധാനം ചെയ്ത ‘ദൃശ്യം 2’ ഹിന്ദി പതിപ്പും വൻ ജനപ്രീതി നേടിയിരുന്നു.
ദൃശ്യം ഒറിജിനൽ മലയാള ഫ്രാഞ്ചൈസിയുടെ ആഗോള അവകാശങ്ങൾ സ്വന്തമാക്കാൻ സാധിച്ചത് പനോരമ സ്റ്റുഡിയോസിനെ സംബന്ധിച്ചിടത്തോളം അഭിമാനകരവും വൈകാരികവുമായ നിമിഷമാണെന്ന് ചെയർമാൻ കുമാർ മംഗത് പതക് പറഞ്ഞു. ദൃശ്യം തനിക്ക് ഒരു സിനിമ എന്നതിലുപരി ഇന്ത്യൻ സിനിമയുടെ സ്വയം പരിവർത്തന യാത്രയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ആഗോള വിതരണ ശൃംഖല ഉപയോഗിച്ച് ദൃശ്യം 3-നെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര റിലീസുകളിൽ ഒന്നാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അസാധാരണമായ ഇന്ത്യൻ കഥകളെ ലോകത്തിന് മുന്നിലെത്തിക്കുക എന്ന തങ്ങളുടെ ദൗത്യം ദൃശ്യം 3-യിലൂടെ തുടരുകയാണെന്ന് പെൻ സ്റ്റുഡിയോസ് ഡയറക്ടർ ഡോ. ജയന്തിലാൽ ഗഡ അറിയിച്ചു. പനോരമയുമായുള്ള ഈ പങ്കാളിത്തം സിനിമ അർഹിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമിൽ എത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പനോരമയും പെൻ സ്റ്റുഡിയോസും ഒന്നിക്കുന്നതോടെ മലയാളത്തിന്റെ സ്വന്തം ദൃശ്യം 3 അർഹിക്കുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന സന്തോഷത്തിലാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ഇത്രയും വ്യക്തമായ കാഴ്ചപ്പാടോടെ ചിത്രം മുന്നോട്ട് പോകുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി ജോർജ്ജുകുട്ടി എന്ന കഥാപാത്രം തന്റെ ചിന്തകളിലും മൗനത്തിലും ഒപ്പമുണ്ടായിരുന്നുവെന്ന് നടൻ മോഹൻലാൽ പ്രതികരിച്ചു. പുതിയ രഹസ്യങ്ങളുമായി വരുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് പോലെയാണ് ഈ തിരിച്ചുവരവെന്നും, ജോർജ്ജുകുട്ടിയുടെ അടുത്ത യാത്ര എവിടേക്കാണെന്ന് പ്രേക്ഷകർ കാണുന്നതിൽ വലിയ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം പോലുള്ള കഥകൾ അവസാനിക്കുന്നില്ലെന്നും അവ വികസിച്ചുകൊണ്ടിരിക്കുമെന്നും സംവിധായകൻ ജീത്തു ജോസഫ് നിരീക്ഷിച്ചു. ഈ കഥ ഒരു ആഗോള വേദി അർഹിക്കുന്നുണ്ടെന്നും, പുതിയ സഹകരണത്തോടെ ജോർജ്ജുകുട്ടിയുടെ നീക്കങ്ങൾക്കായി ലോകം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സിനിമാ വ്യവസായത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പനോരമ സ്റ്റുഡിയോസിന്റെ ദീർഘകാല പദ്ധതികളുടെ ഭാഗം കൂടിയാണ് ഈ പ്രഖ്യാപനം. മലയാളത്തിലെ പ്രതിഭകളുമായും വളർന്നുവരുന്ന സംവിധായകരുമായും സഹകരിച്ച് മലയാള സിനിമയെ ദേശീയ-രാജ്യാന്തര തലങ്ങളിൽ എത്തിക്കാനുള്ള സ്റ്റുഡിയോയുടെ ശ്രമങ്ങൾക്ക് ദൃശ്യം 3-ലൂടെ തുടക്കമാവുകയാണ്. പിആർഒ: ആതിര ദിൽജിത്ത്.


