മമ്മൂട്ടി ചിത്രം കളങ്കാവൽ റിലീസ് നീട്ടി; പുതിയ തീയതി ഉടൻ

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ റിലീസ് മാറ്റി വെച്ചു. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുമെന്ന് അറിയിച്ചിരുന്നത്. ചിത്രത്തിന്റെ പുത്തൻ റിലീസ് തീയതി അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വിറ്റു പോകാത്ത കൊണ്ടാണ് റിലീസ് മാറ്റിയത് എന്ന റിപ്പോർട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ വർഷം റിലീസ് ചെയ്ത, മമ്മൂട്ടിയുടെ മറ്റു രണ്ടു ചിത്രങ്ങളായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്, ബസൂക എന്നീ ചിത്രങ്ങളുടെയും ഡിജിറ്റൽ അവകാശം ഇതുവരെയും വിറ്റു പോയിട്ടില്ല. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 2026 ജനുവരിയിൽ ആയിരിക്കും കളങ്കാവൽ പ്രദർശനത്തിന് എത്തുക. ജനുവരി 8 അല്ലെങ്കിൽ 22 എന്നീ തീയതികൾ ആണ് അണിയറ പ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് വിവരം.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ, ടീസർ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. കൂടാതെ ചിത്രത്തിലെ “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിൻ്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
ഫൈസൽ അലി കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് മുജീബ് മജീദ്. പ്രവീൺ പ്രഭാകർ ആണ് ചിത്രത്തിന്റെ എഡിറ്റർ. സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ സീരിയൽ കില്ലറുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷേഡ് ഉള്ള ഒരു പോലീസ് ഓഫീസർ ആയാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

