in

പ്രതീക്ഷയേറ്റുന്ന മമ്മൂട്ടി നടനവുമായി ‘കളങ്കാവൽ’; ഓവർസീസ് റൈറ്റ്സ് ആർ.എഫ്.ടി ഫിലിംസിന്

പ്രതീക്ഷയേറ്റുന്ന മമ്മൂട്ടി നടനവുമായി ‘കളങ്കാവൽ’; ഓവർസീസ് റൈറ്റ്സ് ആർ.എഫ്.ടി ഫിലിംസിന്

മെഗാസ്റ്റാർ മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിനായി സിനിമാലോകം ആവേശത്തോടെ കാത്തിരിക്കുകയാണ്. നവംബർ 27-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആഗോളതലത്തിലുള്ള വിതരണാവകാശത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ജി.സി.സി ഒഴികെയുള്ള രാജ്യങ്ങളിലെ ഓവർസീസ് വിതരണാവകാശം പ്രമുഖ കമ്പനിയായ ആർ.എഫ്.ടി ഫിലിംസ് സ്വന്തമാക്കി.

കഴിഞ്ഞ 11 വർഷമായി വിദേശ വിതരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആർ.എഫ്.ടി ഫിലിംസ്, ഹംസിനി എൻ്റർടെയിൻമെൻ്റുമായി സഹകരിച്ചാണ് ചിത്രം വിതരണത്തിനെത്തിക്കുക. 2014-ൽ യുകെ ആസ്ഥാനമായി മലയാളി വ്യവസായിയായ റൊണാൾഡ് തൊണ്ടിക്കൽ ആരംഭിച്ച ഈ കമ്പനി, യൂറോപ്പിൽ മാത്രം നാൽപ്പതിലധികം രാജ്യങ്ങളിലും ലോകമെമ്പാടും 60-ൽ പരം രാജ്യങ്ങളിലും സിനിമ വിതരണം ചെയ്യുന്ന വലിയ ശൃംഖലയാണ്. മലയാള സിനിമകളെ ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ റിലീസിനെത്തിച്ചതിന്റെ ഖ്യാതിയും ഈ ടീമിനുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവൽ’. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ്. ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ എന്ന ചിത്രത്തിന് കഥയൊരുക്കിയതും ജിതിൻ ആയിരുന്നു. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

‘കളങ്കാവലി’ൽ മമ്മൂട്ടി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, വിനായകനാണ് ചിത്രത്തിലെ നായകൻ. രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് എന്നിവരുൾപ്പെടെ 21 നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം ‘വൃഷഭ’, ‘കറക്കം’ എന്നിവയുൾപ്പെടെ ഏകദേശം 300 സിനിമകളുടെ വിദേശ വിതരണം കൈകാര്യം ചെയ്ത പരിചയസമ്പത്തുമായാണ് ആർ.എഫ്.ടി ഫിലിംസ് ‘കളങ്കാവലി’നെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

ഓപ്പറേഷൻ സിന്ദൂർ പശ്ചാത്തലമാക്കി മേജർ രവിയുടെ ‘പഹൽഗാം’; പൂജ നടന്നു, ചിത്രീകരണം ഉടൻ