in

കമൽഹാസന്റെ പിറന്നാൾ ആഘോഷമാക്കാൻ ‘നായകൻ’; റീ-റിലീസ് നാളെ

കമൽഹാസന്റെ പിറന്നാൾ ആഘോഷമാക്കാൻ ‘നായകൻ’; റീ-റിലീസ് നാളെ

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘നായകൻ’ 38 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. കമൽഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത ഈ ക്ലാസിക് ചിത്രം, 4K റെസല്യൂഷനിൽ ഡിജിറ്റലായി റീമാസ്റ്റർ ചെയ്താണ് നാളെ (നവംബർ 6) ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്. ഉലകനായകൻ കമൽഹാസന്റെ 71-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ആരാധകർക്കുള്ള ഈ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴിനാണ് താരത്തിന്റെ ജന്മദിനം.

ലോകമെമ്പാടുമായി 450-ൽ അധികം സ്ക്രീനുകളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. രഞ്ജിത്ത് മോഹൻ ഫിലിംസാണ് ‘നായകൻ’ കേരളത്തിലെത്തിക്കുന്നത്. സംസ്ഥാനത്ത് മാത്രം 45-ലധികം കേന്ദ്രങ്ങളിൽ വേലു നായ്ക്കരുടെ ജീവിതം വീണ്ടും ബിഗ് സ്ക്രീനിൽ തെളിയും. 1987-ൽ പുറത്തിറങ്ങിയ ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിട്ടാണ് കണക്കാക്കപ്പെടുന്നത്.

മുംബൈയിലെ അധോലോക നായകനായിരുന്ന വരദരാജ മുതലിയാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ വേലു നായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അനശ്വരമാക്കിയത്. ഈ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ശരണ്യ, നാസർ, ജനഗരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ഇളയരാജയുടെ സംഗീതവും പി.സി. ശ്രീറാമിന്റെ ഛായാഗ്രഹണവും ‘നായകനെ’ ഒരു ക്ലാസിക് അനുഭവമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ബാലകുമാരന്റെ സംഭാഷണങ്ങളും തോട്ട ധരണിയുടെ കലാസംവിധാനവും ചിത്രത്തിന്റെ മാറ്റുകൂട്ടി. പതിറ്റാണ്ടുകൾക്ക് ശേഷവും സിനിമാസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഈ എപ്പിക് ഡ്രാമ വീണ്ടും തിയേറ്ററിൽ കാണാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങുന്നത്.

ഹാട്രിക് 50 കോടിയിലേക്ക് പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ 4 ദിന ആഗോള കളക്ഷൻ റിപ്പോർട്ട്

റിലീസിന് മാറ്റമില്ല; പ്രഭാസിന്റെ ഹൊറർ-ഫാന്‍റസി ‘രാജാസാബ്’ ജനുവരി 9ന് തന്നെ എത്തും