ചരിത്രനേട്ടവുമായി ‘ലോക’; മലയാളത്തിന് ആദ്യ 300 കോടി ക്ലബ്ബ്

മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായം എഴുതിച്ചേർത്ത്, ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” 300 കോടി ക്ലബ്ബിൽ പ്രവേശിച്ചു. റിലീസ് ചെയ്ത് 45 ദിവസം കൊണ്ടാണ് ചിത്രം ഈ സ്വപ്ന നേട്ടം കൈവരിച്ചത്. ഇതോടെ മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി രൂപ ആഗോള ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതി “ലോക” സ്വന്തമാക്കി. ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ഈ ഫാന്റസി ചിത്രം മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്.
കേരളത്തിൽ നിന്ന് മാത്രം 120 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം, വിദേശ മാർക്കറ്റുകളിൽ നിന്നും സമാനമായ തുകയാണ് വാരിക്കൂട്ടിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 60 കോടിയോളം രൂപയും ചിത്രം നേടി. ഈ കണക്കുകൾ “ലോക”യുടെ പാൻ ഇന്ത്യൻ സ്വീകാര്യതയ്ക്ക് അടിവരയിടുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം വൻ വിജയമാണ് നേടിയത്. യുഎഇയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട മലയാള ചിത്രം എന്ന റെക്കോർഡും ചിത്രം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ഐതിഹ്യമാലയിലെ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷങ്ങളും മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യവും ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളായിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ലോക”.
പ്രദർശനത്തിന്റെ അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം തിയേറ്ററുകളിൽ ചിത്രം വിജയകരമായി മുന്നേറുകയാണ്. 50-ാം ദിവസം ഇത്രയധികം സ്ക്രീനുകളിൽ പ്രദർശനം തുടരുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡും “ലോക”യ്ക്ക് സ്വന്തം. ആഗോളതലത്തിൽ 1.18 കോടിയിലധികം ആളുകൾ ചിത്രം കണ്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബുക്ക് മൈ ഷോയിൽ 5 മില്യണിലധികം ടിക്കറ്റുകൾ വിറ്റഴിക്കുകയും കേരളത്തിൽ 50,000-ൽ അധികം ഷോകള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ചിത്രം ഈ നേട്ടങ്ങൾ കൈവരിക്കുന്ന ആദ്യ മലയാള സിനിമയായി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ “ലോക ചാപ്റ്റർ 2” അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, ടോവിനോ തോമസാണ് രണ്ടാം ഭാഗത്തിൽ നായകനായെത്തുന്നത്.
നിമിഷ് രവി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിന്റെ ദൃശ്യ-ശ്രവ്യ മികവ് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വേഫെറർ ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.