ആക്ഷൻ ഹീറോയിൻ പരിവേഷത്തിൽ അനുഷ്ക ഷെട്ടി; ‘ഘാട്ടി’ ട്രെയിലർ പുറത്ത്

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘വേദ’ത്തിനു ശേഷം നടി അനുഷ്ക ഷെട്ടിയും സംവിധായകൻ ക്രിഷ് ജാഗർലാമുഡിയും വീണ്ടും ഒന്നിക്കുന്ന ‘ഘാട്ടി’യുടെ ആക്ഷൻ നിറഞ്ഞ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ ആഗോള റിലീസ് തീയതിയും അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 5-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
കഥാപാത്രങ്ങൾക്കിടയിലെ പകയും പ്രതികാരവും അതിജീവനത്തിനായുള്ള പോരാട്ടവുമാണ് ട്രെയിലറിൻ്റെ പ്രധാന ആകർഷണം. ഗംഭീരമായ ആക്ഷൻ രംഗങ്ങൾക്കൊപ്പം തീവ്രമായ ഒരു പ്രണയകഥയും ചിത്രം പറയുന്നുണ്ടെന്ന സൂചന ട്രെയിലർ നൽകുന്നു. ഇതിനോടകം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗ്ലിമ്പ്സ് വീഡിയോയും അനുഷ്കയുടെ ശക്തവും തീവ്രവുമായ കഥാപാത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു. ഈ പ്രതീക്ഷകളെ സാധൂകരിക്കുന്നതാണ് പുതിയ ട്രെയിലർ.
യുവി ക്രിയേഷൻസിൻ്റെ ബാനറിൽ രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ് ‘ഘാട്ടി’ നിർമ്മിക്കുന്നത്. ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ് ആണ് നിർമ്മാണ പങ്കാളി. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ ഒരു നിർണായക വേഷം കൈകാര്യം ചെയ്യുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്ന ചിത്രത്തിൻ്റെ ടാഗ്ലൈൻ തന്നെ കഥയുടെ ആഴം വ്യക്തമാക്കുന്നു.
മനുഷ്യത്വം, അതിജീവനം, വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു വമ്പൻ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായിരിക്കും റിലീസ് ചെയ്യുക. ഛായാഗ്രഹണം മനോജ് റെഡ്ഡി കടസാനിയും സംഗീതം നാഗവെല്ലി വിദ്യാ സാഗറും നിർവഹിക്കുന്നു.
എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി