in

റീ റിലീസിലും ജനപ്രിയം മോഹൻലാൽ ചിത്രങ്ങൾ; ഇനി വരുന്നത് രാവണപ്രഭുവും തേന്മാവിൻ കൊമ്പത്തും!

റീ റിലീസിലും ജനപ്രിയം മോഹൻലാൽ ചിത്രങ്ങൾ; ഇനി വരുന്നത് രാവണപ്രഭുവും തേന്മാവിൻ കൊമ്പത്തും!

മലയാളത്തിൽ റീ റിലീസ് ചിത്രങ്ങൾ എത്തുമ്പോഴും ജനപ്രിയമാകുന്നത് മോഹൻലാൽ ചിത്രങ്ങൾ. ഇതിനോടകം സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാമുംബൈ എന്നീ നാല് മോഹൻലാൽ ചിത്രങ്ങൾ റീ റിലീസ് ചെയ്യുകയും നാലും സൂപ്പർ വിജയം നേടുകയും ചെയ്തിരുന്നു. മലയാളത്തിലെ റീ റിലീസ് ചിത്രങ്ങൾ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലും ഈ മോഹൻലാൽ ചിത്രങ്ങളാണ്.

മോഹൻലാൽ ചിത്രങ്ങളുടെ റീ റിലീസ് പതിപ്പുകൾക്ക് വമ്പൻ സ്വീകാര്യത ഉണ്ടെന്ന് മനസ്സിലാക്കിയ ചലച്ചിത്ര പ്രവർത്തകർ അദ്ദേഹത്തിന്റെ ഒരുപിടി ചിത്രങ്ങൾ 4K റീമാസ്റ്റർ ചെയ്യുന്ന തിരക്കിലാണ്. 1994 ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ- പ്രിയദർശൻ ചിത്രം തേന്മാവിൻ കൊമ്പത്ത്, 2001 ലെ മലയാളത്തിലെ ഇയർ ടോപ്പർ ബ്ലോക്ക്ബസ്റ്റർ ആയ രഞ്ജിത്- മോഹൻലാൽ ചിത്രം രാവണപ്രഭു, 2008 ലെ ജോഷിയുടെ മൾട്ടിസ്റ്റാർ ചിത്രം ട്വന്റി ട്വന്റി എന്നിവ ഇപ്പോൾ റീമാസ്റ്റർ ചെയ്തുകൊണ്ടിരിക്കുകയാണ്.

മോഹൻലാൽ നായകനായ ഉദയനാണു താരം റീമാസ്റ്റർ ചെയ്ത് അടുത്ത മാസം റിലീസ് ചെയ്യുന്നുമുണ്ട്. ഇവ കൂടാതെ വടക്കുംനാഥൻ, ഇരുവർ, ആറാം തമ്പുരാൻ എന്നീ ചിത്രങ്ങളും റീമാസ്റ്റർ ജോലികളിലാണെന്നാണ് സൂചന. സുരേഷ് ഗോപി നായകനായ കമ്മീഷണർ, ജയരാജ് ഒരുക്കിയ ഫോർ ദി പീപ്പിൾ, ദിലീപ് നായകനായ വെട്ടം, മമ്മൂട്ടി നായകനായ അമരം എന്നിവയും റീമാസ്റ്റർ ചെയ്ത് എത്തുമെന്ന് വാർത്തകളുണ്ട്.

മമ്മൂട്ടിയുടെ പാലേരി മാണിക്യം, ആവനാഴി, വല്യേട്ടൻ എന്നീ ചിത്രങ്ങളുടെ റീ റിലീസുകൾ തീയേറ്ററിൽ തകർന്നപ്പോൾ ശരാശരി പ്രതികരണം ലഭിച്ചത് ഒരു വടക്കൻ വീരഗാഥക്ക് മാത്രമാണ്. പൃഥ്വിരാജ് നായകനായ അൻവർ എന്ന ചിത്രവും റീ റിലീസ് ചെയ്ത് ശ്രദ്ധ നേടാതെ പോയി. ഏതായാലും മലയാളത്തിലെ കൂടുതൽ ക്ലാസിക് ജനപ്രിയ ചിത്രങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗംഭീര ദൃശ്യ- ശ്രവ്യ സൗകുമാര്യവുമായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കളും സംവിധായകരും.

നാനി ചിത്രം ‘ദി പാരഡൈസ്’ ചിത്രീകരണം ആരംഭിച്ചു; റിലീസ് 2026 മാർച്ചിൽ

മോഹൻലാൽ ചിത്രവുമായി ജൂഡ് ആന്റണി ജോസഫ്?