ഭയവും ആകാംക്ഷയും നിറച്ച് പ്രഭാസിന്റെ ‘രാജാ സാബ്’ ടീസർ പുറത്ത്

പ്രഭാസ് ചിത്രം ‘രാജാ സാബി’ന്റെ ടീസർ പുറത്തിറങ്ങി. ഹൈദരാബാദിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ആരാധകരെ സാക്ഷിയാക്കിയാണ് ടീസർ ലോഞ്ച് നടന്നത്. ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ ടീസർ ലോഞ്ചുകളിൽ ഒന്നായി ഇത് മാറിയിരിക്കുകയാണ്. ഡിസംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘രാജാ സാബ്’ പ്രദർശനത്തിനെത്തും. മാരുതിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
ഐതിഹ്യങ്ങളും പുരാണങ്ങളും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും കോർത്തിണക്കി ഒരു ദൃശ്യവിരുന്നാണ് ടീസറിൽ ഒരുക്കിയിരിക്കുന്നത്. തമൻ എസ് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഹൈലൈറ്റ് ആകും എന്ന സൂചന ടീസർ നല്കുന്നു. ഓരോ ഫ്രെയിമിലും ഭയം നിറച്ച്, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ തമന്റെ സംഗീതത്തിന് കഴിയുന്നുണ്ട്. ബിഗ് സ്ക്രീനിൽ പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ പോകുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങളുടെ ആദ്യ സൂചനയായി ടീസർ മാറിയിരിക്കുക ആണ്. ടീസർ:
ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിർമ്മിക്കാനാണ് തങ്ങൾ ആഗ്രഹിച്ചത് എന്നും പ്രേക്ഷകരെ ഒരു അത്ഭുതലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും എന്നും നിർമ്മാതാവ് ടി.ജി. വിശ്വപ്രസാദ് ടീസർ ലോഞ്ച് ചടങ്ങിൽ പറഞ്ഞു. പ്രഭാസ്, സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ, സംവിധായകൻ മാരുതി, സംഗീത സംവിധായകൻ തമൻ എസ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത ഒരു പുതുപുത്തൻ രൂപത്തിലാണ് പ്രഭാസ് ഈ ചിത്രത്തിൽ എത്തുന്നത്. അമാനുഷിക ഘടകങ്ങളും മിത്തുകളും സന്നിവേശിപ്പിച്ച് ഒരുക്കുന്ന ഈ ഹൊറർ എന്റർടെയ്നർ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ഇത് പ്രേക്ഷകരിൽ വലിയ ആകാംഷ ഉണർത്തിയിട്ടുണ്ട്. ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം മാരുതി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘രാജാ സാബ്’.
മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന ‘രാജാ സാബ്’ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് പളനി ആണ് നിർവഹിക്കുന്നത്. ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വി.എഫ്.എക്സ്. ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ എസ്.എൻ.കെ., പി.ആർ.ഒ : ആതിര ദിൽജിത്ത്.
English Summary: Prabhas’ ‘RajaSaab’ Teaser Unveiled: A Blend of Horror and Thrill; Set for December 5 Release