പ്രേമലു ടീമിനൊപ്പം നിവിൻ പോളി; പ്രേമലു 2 ഉപേക്ഷിച്ചു?

കഴിഞ്ഞ വർഷം നസ്ലൻ – മമിതാ ബൈജു കൂട്ടുകെട്ടിൽ ‘പ്രേമലു’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ ഗിരീഷ് എ ഡിയുടെ പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാവും എന്ന് സൂചന. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നായിരിക്കും ഈ ചിത്രം നിർമ്മിക്കുക. തങ്ങൾ നിർമ്മിക്കുന്ന ഗിരീഷ് എ ഡി ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും ദിലീഷ് പോത്തൻ അറിയിച്ചു.
നിവിൻ പോളി ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുക എന്നതിനൊപ്പം തന്നെ. പ്രേമലുവിലെ നായിക മമിതാ ബൈജു ആയിരിക്കും ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നതെന്നും വാർത്തകളുണ്ട്. ഹനീഫ് അദനി ഒരുക്കിയ ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. പ്രേമലുവിൽ പ്രവർത്തിച്ച ടീം മുഴുവൻ ഈ ചിത്രത്തിലും ഉണ്ടാകുമെന്നാണ് സൂചന.
അതേ സമയം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പ്രേമലു 2 എന്ന ചിത്രം ഉപേക്ഷിച്ചു എന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. തിരക്കഥയിൽ നായകനായ നസ്ലൻ തൃപ്തനല്ലാത്തതു കൊണ്ടാണ് ചിത്രം തത്കാലത്തേക്ക് വേണ്ടെന്നു വെച്ചതെന്നാണ് വാർത്ത. ഈ ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പാകത്തിന് പ്രഖ്യാപിച്ച ചിത്രമാണ് പ്രേമലു 2 . കേരളം, ഹൈദരാബാദ്, യു കെ എന്നിവിടങ്ങളിലായാണ് ചിത്രം ഒരുക്കാനിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, ഐ ആം കാതലൻ, പ്രേമലു എന്നിവക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കാൻ പോകുന്ന ഈ ചിത്രം ഈ വർഷത്തിന്റെ അവസാന പാദത്തിൽ ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകുമെന്നും വാർത്തകൾ പറയുന്നു.