ശിവ ഭഗവാൻ്റെ പ്രതിരൂപമായി ബാലയ്യ; ‘അഖണ്ഡ 2: താണ്ഡവം’ മലയാളം ടീസർ പുറത്ത്…

ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിക്കൊണ്ട് നന്ദമൂരി ബാലകൃഷ്ണ – ബോയപതി ശ്രീനു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘അഖണ്ഡ 2: താണ്ഡവം’ ടീസർ പുറത്തിറങ്ങി. നന്ദമൂരി ബാലകൃഷ്ണയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ആണ് ടീസർ എത്തിയിരിക്കുന്നത്. ബാലകൃഷ്ണയും ബോയപതി ശ്രീനുവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇവരുടെ മുൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ചയായിട്ടാണ് “അഖണ്ഡ 2: താണ്ഡവം” എത്തുന്നത്. ആദ്യ ഭാഗത്തേക്കാൾ ഗംഭീരമായ ആക്ഷൻ രംഗങ്ങളും തീവ്രമായ വൈകാരിക മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്ന് ടീസർ വ്യക്തമാക്കുന്നു.
14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എം. തേജസ്വിനി നന്ദമൂരിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതാരിപ്പിക്കുന്നത്. 2025 സെപ്റ്റംബർ 25-ന് ദസറയോടനുബന്ധിച്ച് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
ടീസറിലെ പ്രധാന ആകർഷണം, തൃശൂലവുമേന്തി മഞ്ഞുമൂടിയ ഹിമാലയത്തിൽ ദുഷ്ടശക്തികളെ നിഗ്രഹിക്കുന്ന ശിവഭഗവാന്റെ പ്രതിരൂപമായി പ്രത്യക്ഷപ്പെടുന്ന ബാലകൃഷ്ണയുടെ കഥാപാത്രമാണ്. പ്രശസ്ത സംഘട്ടന സംവിധായകരായ റാം-ലക്ഷ്മണൻ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. എസ്. തമൻ ഒരുക്കിയ പശ്ചാത്തല സംഗീതം ടീസറിന്റെ ഹൈലൈറ്റ് ആണ്.
ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “അഖണ്ഡ 2: താണ്ഡവം” പ്രേക്ഷകരിലേക്ക് എത്തുന്നത്. സംയുക്ത നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ആദി പിന്നിസെട്ടിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോയപതി ശ്രീനു തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. എസ്. തമൻ സംഗീതം ഒരുക്കുമ്പോൾ, സി. രാംപ്രസാദ്, സന്തോഷ് ഡി. എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. തമ്മിരാജുവാണ് എഡിറ്റർ. എ.എസ്. പ്രകാശ് കലാസംവിധാനവും, റാം-ലക്ഷ്മൺ സംഘട്ടനവും നിർവഹിച്ചിരിക്കുന്നു. ഫസ്റ്റ് ഷോയാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്.