കമൽ ഹാസന്റെ ഗംഭീര പ്രകടനവുമായി തഗ് ലൈഫ്; മണി രത്‌നം ചിത്രത്തിന് മികച്ച തുടക്കം

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി മണി രത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് ഇന്നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. വലിയ പ്രേക്ഷക പ്രതീക്ഷകളുടെ നടുവിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ആരാധകരെ നിരാശരാക്കിയിട്ടില്ല എന്ന സൂചനയാണ് ആദ്യ പ്രതികരണങ്ങൾ നൽകുന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ കമൽ ഹാസന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
കമൽ ഹാസനൊപ്പം സിമ്പു, തൃഷ, അഭിരാമി, ജോജു ജോർജ്, നാസർ, മഹേഷ് മഞ്ചരേക്കർ, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ്, അലി ഫസൽ എന്നിവരും വേഷമിട്ട ചിത്രത്തിൽ സിമ്പുവും തൃഷയും പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട്. മലയാളി താരം ജോജുവിനും വലിയ രീതിയിലാണ് പ്രേക്ഷകരുടെ അഭിനന്ദനം ലഭിക്കുന്നത്. ചിത്രത്തിൽ മലയാളി ആയി തന്നെയാണ് ജോജു അഭിനയിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആക്ഷൻ, ഡ്രാമ, ഇമോഷൻസ്, പ്രണയം, പ്രതികാരം എന്നിവയെല്ലാം കോർത്തിണക്കിയ മണി രത്‌നം ശൈലിയിൽ തന്നെയാണ് ചിത്രം കഥ പറയുന്നത്.
ചിത്രത്തെ ഗംഭീരമാക്കുന്നതിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ വഹിച്ച പങ്കു ചെറുതല്ല. അദ്ദേഹം ഈണം നൽകിയ ഗാനങ്ങളും, പശ്‌ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. രാജ് കമൽ ഫിലിംസ്, മദ്രാസ് ടാകീസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസ് ആണ്. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്.
മണി രത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിനും കാമറ ചലിപ്പിച്ചത്. അദ്ദേഹം ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗും ചിത്രത്തെ സാങ്കേതികമായും ഏറെ മുന്നിട്ടു നിർത്തുന്നുണ്ട്. വളരെ തീവ്രമായ രീതിയിൽ കഥ പറയുന്ന മണി രത്‌നം ശൈലി ഇഷ്ടപെടുന്ന ഓരോ പ്രേക്ഷകനും തഗ് ലൈഫും ഏറെ ആസ്വാദ്യകരമാകും എന്ന്നാണ് ആദ്യ ദിവസത്തെ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.