ലോകേഷ് യൂണിവേഴ്സിൽ ഞെട്ടിക്കുന്ന ലുക്കിൽ വാൾട്ടറായി നിവിൻ പോളി; ‘ബെൻസ്’ കാരക്ടർ വീഡിയോ

മലയാളികളുടെ പ്രിയനടൻ നിവിൻ പോളി ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് (LCU) എത്തുന്നു എന്ന വാർത്ത സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ‘കൈതി’യിലൂടെ തുടക്കം കുറിച്ച ലോകേഷിന്റെ ഈ വിസ്മയ ലോകത്ത്, ഇനി നിവിൻ പോളിയെ ഒരു വില്ലൻ കഥാപാത്രമായി കാണാം. ‘ബെൻസ്’ എന്ന ചിത്രത്തിലൂടെയാണ് നിവിൻ LCU-വിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇപ്പോഴിതാ, നിവിൻ പോളിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ‘ബെൻസ്’ ടീം പുറത്തുവിട്ടിരിക്കുകയാണ്.
‘വാൾട്ടർ’ എന്നാണ് നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു സ്റ്റൈലിഷ് വില്ലനായിട്ടാണ് വാൾട്ടർ എത്തുന്നത്. പുറത്തുവന്ന ക്യാരക്ടർ വീഡിയോയിൽ നിവിൻ പോളി ഞെട്ടിക്കുന്ന മേക്കോവറിലാണ് പ്രത്യക്ഷപ്പെടുന്നത്. ശരീരം നിറയെ സ്വർണ്ണാഭരണങ്ങളും സ്വർണ്ണ പല്ലുകളുമൊക്കെയായി, ആണ് വാൾട്ടർ എത്തിയിരിക്കുന്നത്. നിവിന്റെ കരിയറിലെ ഒരു വലിയ വഴിത്തിരിവാകും ഈ വില്ലൻ വേഷമെന്ന സൂചന ആണ് വീഡിയോ നല്കുന്നത്. പതിവ് നായകവേഷങ്ങളിൽ നിന്ന് മാറി, നിവിൻ പോളി ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും.
രാഘവ ലോറൻസ് നായകനായി എത്തുന്ന ‘ബെൻസ്’ സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്. ‘റെമോ’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഭാഗ്യരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് നിർമ്മാണ പങ്കാളിയാകുന്ന ഈ ചിത്രത്തിന്റെ കഥയും അദ്ദേഹത്തിന്റേതാണ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്നാണ് ‘ബെൻസ്’ നിർമ്മിക്കുന്നത്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ‘റിച്ചി’, റാം ഒരുക്കിയ ‘ഏഴു കടൽ ഏഴു മലൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘ബെൻസ്’.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവ സംഗീത സെൻസേഷനായ സായ് അഭ്യങ്കർ ആണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ‘ബെൻസിന്റെ’ ഛായാഗ്രഹണം ഗൗതം ജോർജും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് നിർവഹിക്കുന്നത്. ‘കൈതി’, ‘വിക്രം’, ‘ലിയോ’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ബെൻസ്’. ‘കൈതി 2’, ‘വിക്രം 2’, സ്റ്റാൻഡ് എലോൺ ചിത്രമായ ‘റോളക്സ്’ എന്നിവയായിരിക്കും ഇനി LCU-വിൽ ഉണ്ടാകുക എന്നും ലോകേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. നിവിൻ പോളിയുടെ ഈ വില്ലൻ വേഷം LCU-വിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയാം.