അനുഷ്ക ഷെട്ടി ചിത്രം ‘ഘാട്ടി’യുടെ റിലീസ് പ്രഖ്യാപിച്ച് പോസ്റ്റർ പുറത്ത്; റിലീസ് ജൂലൈ 11ന്

നടി അനുഷ്ക ഷെട്ടിയും സംവിധായകൻ ക്രിഷ് ജാഗർലാമുഡിയും വീണ്ടും ഒന്നിക്കുന്ന ‘ഘാട്ടി’ 2025 ജൂലൈ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മികച്ച വിജയം നേടിയ ‘വേദം’ എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ‘ഘാട്ടി’യെ ഉറ്റുനോക്കുന്നത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.
യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ‘ഘാട്ടി’ നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലാമുഡിയും ചേർന്നാണ്. അനുഷ്കയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് വന്ന ഗ്ലിംപ്സ് വീഡിയോയും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തമിഴ് നടൻ വിക്രം പ്രഭു ‘ദേസി രാജു’ എന്ന കഥാപാത്രമായി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
റിലീസ് തീയതി അറിയിച്ച് കൊണ്ട് പുറത്തുവന്ന പോസ്റ്ററിൽ, അനുഷ്ക ഷെട്ടിയും വിക്രം പ്രഭുവും മറ്റു ചിലരും വലിയ ഭാണ്ഡക്കെട്ടുകളുമായി കഴുത്തോളം വെള്ളത്തിൽ മുങ്ങി ഒരു പുഴ കടന്നുപോകുന്ന ദൃശ്യമാണ് ഉള്ളത്. മുൻപ് വിക്രം പ്രഭുവിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവന്ന ഗ്ലിംപ്സ് വീഡിയോയിൽ മനോഹരമായ പ്രണയവും മികച്ച സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടാകും എന്ന സൂചന നല്കിയിരുന്നു. ചിത്രത്തിന്റേതായി പോസ്റ്ററുകളും വീഡിയോകളും അനുഷ്കയുടെ മറ്റൊരു ഗംഭീര പ്രകടനത്തിലേക്ക് കൂടി വിരൽചൂണ്ടുന്നുണ്ട്.
‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ‘ഘാട്ടി’ ഒരു ഹൈ-ബഡ്ജറ്റ് ആക്ഷൻ ത്രില്ലറാണ്. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു പ്രമേയത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.
ക്രിഷ് ജാഗർലാമുഡിയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലാമുഡിയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി