in

രാവണനായി യഷ്, ആക്ഷൻ ഒരുക്കി മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും; ‘രാമായണ’ ചിത്രീകരണം പുരോഗമിക്കുന്നു…

രാവണനായി യഷ്, ആക്ഷൻ ഒരുക്കി മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും; ‘രാമായണ’ ചിത്രീകരണം പുരോഗമിക്കുന്നു…

ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം “രാമായണം” അണിയറയിൽ ഒരുങ്ങുമ്പോൾ, ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ആക്ഷൻ രംഗങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സൂപ്പർ താരം യഷും ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളുടെ ആദ്യ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കുകയാണ്.

നമിത് മൽഹോത്രയുടെ നിർമ്മാണത്തിൽ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന “രാമായണം”, ആധുനിക സാങ്കേതികവിദ്യയും പുരാണത്തിലെ കഥാ സന്ദർഭങ്ങളെയും സമന്വയിപ്പിച്ച് ഒരു ദൃശ്യവിസ്മയം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. “മാഡ് മാക്സ്: ഫ്യൂറി റോഡ്”, “ദി സൂയിസൈഡ് സ്ക്വാഡ്” തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഗൈ നോറിസിന്റെ സാന്നിധ്യം, “രാമായണ”ത്തിലെ സംഘട്ടന രംഗങ്ങൾക്ക് പുതിയൊരു മാനം നൽകുമെന്നുറപ്പാണ്.

ചിത്രത്തിൽ രാവണന്റെ വേഷത്തിലെത്തുന്ന യഷിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. നടനെന്നതിലുപരി നിർമ്മാതാവിന്റെ റോളിലും യാഷ് “രാമായണ”ത്തിന്റെ ഭാഗമാകുന്നുണ്ട്. രാവണനെന്ന ശക്തനായ കഥാപാത്രത്തെ ആഗോള നിലവാരത്തിലുള്ള ആക്ഷൻ ശൈലിയിൽ അവതരിപ്പിക്കാൻ യഷ് നടത്തുന്ന ഒരുക്കങ്ങൾ ഇന്ത്യൻ ആക്ഷൻ സിനിമയുടെ അതിരുകൾ ഭേദിക്കുമെന്നാണ് സൂചന. ആദ്യ ഭാഗത്തിന്റെ ചിത്രീകരണത്തിനായി അറുപത് ദിവസത്തിലേറെയാണ് യഷ് മാറ്റിവെച്ചിരിക്കുന്നത്.

“രാമായണം” ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് അണിയറപ്രവർത്തകരുടെ പക്ഷം. ലോകോത്തര വിഎഫ്എക്സ് ടീം, മികച്ച ടെക്നീഷ്യൻമാർ, അതിമനോഹരമായ സെറ്റുകൾ, കൂടാതെ ഈ ഇതിഹാസ കഥയ്ക്ക് ജീവൻ പകരാൻ ഒത്തുചേർന്ന അതുല്യരായ പ്രതിഭകൾ എന്നിവയെല്ലാം ചേരുമ്പോൾ, ഒരു ദൃശ്യാനുഭവത്തിനപ്പുറം ഇന്ത്യൻ സിനിമയുടെ യശസ്സ് ഉയർത്തുന്ന ഒരു കലാസൃഷ്ടിയാകും “രാമായണം”.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന “രാമായണ”ത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും. ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂറും പാൻ ഇന്ത്യൻ സൂപ്പർതാരം യഷും ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായം രചിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

മലയാളത്തിനും മുന്നേ ഹിന്ദിയിൽ ‘ദൃശ്യം 3’ എത്തിക്കാൻ അജയ് ദേവ്ഗൺ; റിപ്പോർട്ട്

യുദ്ധക്കളത്തിൽ പോരാട്ട വീര്യത്തോടെ നിഖിലും സംയുക്തയും; ‘സ്വയംഭൂ’ പുതിയ പോസ്റ്റർ പുറത്ത്