in

‘പുഷ്പരാജി’ന് ഇരട്ട നേട്ടം: ദേശീയ പുരസ്കാരത്തിന് പിന്നാലെ അല്ലു അർജുന് ഗദ്ദർ പുരസ്കാരവും!

പുഷ്പരാജി’ന് ഇരട്ട നേട്ടം: ദേശീയ പുരസ്കാരത്തിന് പിന്നാലെ അല്ലു അർജുന് ഗദ്ദർ പുരസ്കാരവും!

തെലുങ്ക് സിനിമയുടെ അഭിമാനമായി മാറിയ ഐക്കൺ സ്റ്റാർ അല്ലു അർജുന് വീണ്ടും തിളക്കമാർന്ന നേട്ടം. ദേശീയ അവാർഡ് നേടിയ ആദ്യ തെലുങ്ക് നടൻ എന്ന ചരിത്ര നേട്ടത്തിന് പിന്നാലെ, 14 വർഷങ്ങൾക്ക് ശേഷം പ്രഖ്യാപിച്ച തെലങ്കാന സംസ്ഥാന ഗദ്ദർ ചലച്ചിത്ര പുരസ്കാരവും അല്ലു അർജുനെ തേടിയെത്തിയിരിക്കുകയാണ്. ‘പുഷ്പ 2: ദി റൂൾ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അദ്ദേഹത്തിന് ഈ അപൂർവ ബഹുമതി ലഭിച്ചത്.

തെലുങ്ക് ചലച്ചിത്ര പ്രവർത്തകരെയും മികച്ച സിനിമകളെയും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം, അല്ലു അർജുന്റെ കരിയറിലെ മറ്റൊരു പൊൻതൂവലാണ്. ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയപ്പോൾ തന്നെ അല്ലു അർജുൻ ചരിത്രം കുറിച്ചിരുന്നു. ആഗോള ബോക്സോഫീസിൽ 1900 കോടിയിലധികം കളക്ഷൻ നേടിയ ‘പുഷ്പ 2’ വിന് ഈ പുരസ്കാരം മറ്റൊരു നാഴികക്കല്ല് കൂടിയാണ്.

അല്ലു അർജുന്റെ സിനിമയോടുള്ള അർപ്പണബോധവും കഠിനാധ്വാനവുമാണ് അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെയും ഈ അഭിമാനകരമായ പുരസ്കാരങ്ങളെയും സമ്മാനിച്ചത്. ‘ഗംഗോത്രി’ മുതൽ ‘പുഷ്പ’ വരെയുള്ള തന്റെ അഭിനയ ജീവിതത്തിൽ അഞ്ച് ഫിലിംഫെയർ പുരസ്കാരങ്ങളും, രണ്ട് നന്ദി പുരസ്കാരങ്ങളും, ഒരു സ്പെഷ്യൽ ജൂറി പുരസ്കാരവും അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്.

അസാധാരണമായ അഭിനയമികവിലൂടെയും ആകർഷകമായ വ്യക്തിത്വത്തിലൂടെയും തെലുങ്കിൽ മാത്രമല്ല, ലോകമെമ്പാടും വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ച അല്ലു അർജുൻ, തന്റെ അടുത്ത ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്. ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അറ്റ്ലിയുമായി കൈകോർക്കുന്ന ‘AA22xA6’ എന്ന ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ഒന്നാണ്.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ഈ ചിത്രത്തിന് ഹോളിവുഡിലെ പ്രമുഖ VFX സ്റ്റുഡിയോകളാണ് ജീവൻ നൽകുന്നത്. ‘അയൺ മാൻ 2’, ‘ട്രാൻസ്ഫോർമേഴ്സ്’ തുടങ്ങിയ ചിത്രങ്ങളുടെ VFX സൂപ്പർവൈസറായ ജെയിംസ് മാഡിഗനും ആർട്ടിസ്റ്റിക് ഡയറക്ടറായ മൈക്ക് എലിസാൽഡെയും ഉൾപ്പെടെയുള്ള പ്രഗത്ഭരാണ് ഈ പ്രോജക്റ്റിന്റെ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം നൽകുന്നത്. ലോല VFX, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് FX, ILM ടെക്നോപ്രോപ്‌സ്, അയൺഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ കമ്പനികൾ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി ഒന്നിക്കുന്നു.

അറ്റ്ലി ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഒരു സൂപ്പർഹീറോ കഥാപാത്രമായാണ് അല്ലു അർജുൻ ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. അല്ലു അർജുന്റെ 22-ാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ സയൻസ് ഫിക്ഷൻ ചിത്രം. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു വലിയ റിലീസായിരിക്കും ഇത് എന്നതിൽ സംശയമില്ല.

ചിന്തയുണർത്തുന്ന ചോദ്യശരങ്ങളുമായി സുരേഷ് ഗോപി; ‘ജെ.എസ്.കെ’ ജൂൺ 20ന്, മോഷൻ പോസ്റ്റർ ശ്രദ്ധനേടുന്നു

മലയാളത്തിനും മുന്നേ ഹിന്ദിയിൽ ‘ദൃശ്യം 3’ എത്തിക്കാൻ അജയ് ദേവ്ഗൺ; റിപ്പോർട്ട്