ആദ്യം തലയും പിള്ളേരും, പിന്നാലെ ഉദയനും എത്തും; ‘ഛോട്ടാ മുംബൈ’യും ‘ഉദയനാണ് താര’വും ജൂണിൽ 4K റീ റിലീസിന്…

മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിൻ്റെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങൾ 4K ഡോൾബി അറ്റ്മോസ് മികവിൽ വീണ്ടും തിയേറ്ററുകളിലേക്ക്. ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട്, അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാ മുംബൈ’ ജൂൺ 6നും റോഷൻ ആൻഡ്രൂസ് ഒരുക്കിയ ‘ഉദയനാണ് താരം’ ജൂൺ 20നും റീ റിലീസ് ചെയ്യും. കാഴ്ചയുടെ പുതിയ അനുഭവവുമായാണ് ഈ ക്ലാസിക് ചിത്രങ്ങൾ വീണ്ടുമെത്തുന്നത്.
2007ൽ പുറത്തിറങ്ങി തരംഗം സൃഷ്ടിച്ച ആക്ഷൻ കോമഡി ചിത്രമായ ‘ഛോട്ടാ മുംബൈ’യാണ് ആദ്യം റീ റിലീസ് ചെയ്യുന്നത്. വാസ്കോഡഗാമ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ഈ ചിത്രം, പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബെന്നി പി. നായരമ്പലമാണ്. മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് റീ-റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല.
മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റെസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്. ‘ദേവദൂതൻ’ എന്ന ചിത്രത്തിന് ശേഷം ഹൈ സ്റ്റുഡിയോസാണ് ‘ഛോട്ടാ മുംബൈ’ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്തിരിക്കുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി ശ്രീകുമാർ, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്ന ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.
മലയാള സിനിമാലോകത്തെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചുകാട്ടിയ ‘ഉദയനാണ് താരം’ 20 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യ മികവോടെയാണ് വീണ്ടും എത്തുന്നത്. റോഷൻ ആൻഡ്രൂസിൻ്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ഇത് മോഹൻലാൽ, ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന മികച്ച വിജയം നേടിയ ചിത്രമാണ്. സിനിമാ നിർമ്മാണത്തിന്റെ രസകരമായ ലോകം പശ്ചാത്തലമാക്കിയ ഈ ചിത്രം, ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും ജീവിത യാത്രയെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു.
കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് ചിത്രം നിർമ്മിച്ചത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയതിനൊപ്പം, മികച്ച നവാഗത സംവിധായകൻ, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ചിത്രം നേടിയിട്ടുണ്ട്. ശ്രീനിവാസന്റെ മികച്ച തിരക്കഥയും ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസി എന്ന കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയവയാണ്. മീന, മുകേഷ്, സലിംകുമാർ, ഇന്ദ്രൻസ്, ഭാവന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ദീപക് ദേവിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച “കരളേ, കരളിന്റെ കരളേ” എന്ന ഗാനം ഉൾപ്പെടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
ഈ രണ്ട് ചിത്രങ്ങളുടെയും റീ റിലീസ് മോഹൻലാൽ ആരാധകർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ആഘോഷമാകും എന്നതിൽ സംശയമില്ല.


