ജോജുവിന്റെ ഫസ്റ്റ് ക്ലാപ്പോടെ ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ ചിത്രീകരണം ആരംഭിച്ചു

സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ചിത്രീകരണത്തിന് തിരിതെളിഞ്ഞു. ഇടപ്പള്ളി ത്രീ ഡോട്സ് സ്റ്റുഡിയോയിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് സിനിമയുടെ തുടക്കം കുറിച്ചത്. ജീത്തു ജോസഫും ഭാര്യ ലിൻഡയും ചേർന്ന് ഭദ്രദീപം കൊളുത്തിയപ്പോൾ, നടൻ ജോജു ജോർജ്ജ് ഫസ്റ്റ് ക്ലാപ്പടിച്ച് ചിത്രീകരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. നിർമ്മാതാക്കളായ ഷാജി നടേശൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
‘മൈ ബോസ്’, ‘മമ്മി ആൻഡ് മി’, ‘മെമ്മറീസ്’, ‘ദൃശ്യം’, ‘ദൃശ്യം 2’, ‘കൂമൻ’, ‘നേര്’ തുടങ്ങി മലയാളത്തിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമാണ് ‘വലതുവശത്തെ കള്ളൻ’. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‌ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. പൂജാ ചടങ്ങിൽ തിരക്കഥയുടെ പൂർണ്ണരൂപം ഡിനു തോമസിൽ നിന്ന് ജീത്തു ജോസഫും ഷാജി നടേശനും ചേർന്ന് ഏറ്റുവാങ്ങി.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഏറെ ദുരൂഹമായൊരു കഥാപശ്ചാത്തലമാകും ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടേതെന്നാണ് സൂചനകൾ. യേശുക്രിസ്തുവിനെ കുരിശിൽ തറച്ചപ്പോൾ അദ്ദേഹത്തോടൊപ്പം കുരിശിലേറ്റിയ രണ്ട് കള്ളന്മാരിൽ, വലതുവശത്തുണ്ടായിരുന്ന കള്ളൻ തന്റെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിച്ചതിനാൽ യേശു പറുദീസ വാഗ്ദാനം ചെയ്തുവെന്ന് ബൈബിളിൽ പറയുന്നു. ഈ കഥയുമായി സിനിമയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന ആകാംഷ ടൈറ്റിൽ ഉയർത്തുന്നു. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരുന്നത്.
ഒരു കുറ്റാന്വേഷണ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് പോസ്റ്റർ നല്കുന്ന സൂചനകൾ. ഒരു മേശപ്പുറത്ത് പോലീസ് കേസ് ഫയൽ, കമ്പ്യൂട്ടർ, വയർലെസ്, താക്കോൽ കൂട്ടം, കണ്ണട എന്നിവ പോസ്റ്ററിൽ കാണാം. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. ബേസിൽ ജോസഫ് നായകനായെത്തിയ ‘നുണക്കുഴി’യാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പിആർഒ: ആതിര ദിൽജിത്ത്.