വീണ്ടും ത്രസിപ്പിക്കുന്ന പോലീസ് കഥയുമായി ഷാഹി കബീർ; ദിലീഷ് പോത്തൻ – റോഷൻ മാത്യു ചിത്രം റോന്ത് ടീസർ കാണാം

ഇലവീഴാപൂഞ്ചിറക്ക് ശേഷം പ്രശസ്ത സംവിധായകനും രചയിതാവുമായ ഷാഹി കബീർ സംവിധാനം ചെയ്യുന്ന റോന്തിന്റെ ടീസർ പുറത്ത്. ജോസഫ്, നായാട്ട്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് എന്നിവക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കിയ സിനിമ കൂടിയാണ് റോന്ത്. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രവും ഷാഹി കബീർ ശൈലിയിലുള്ള ഒരു തീവ്രമായ പോലീസ് കഥയാണ് പറയുന്നത്.
രണ്ട് നൈറ്റ് പട്രോളിംഗ് ഓഫീസർമാരുടെ കഥയാണ് ചിത്രം പറയുന്നത്. സബ് ഇൻസ്‌പെക്ടർ യോഹന്നാൻ ആയി ദിലീഷ് പോത്തൻ വേഷമിടുമ്പോൾ, അദ്ദേഹത്തിന്റെ ജൂനിയർ ആയ ദിനനാഥ് ആയി റോഷൻ മാത്യു അഭിനയിച്ചിരിക്കുന്നു. നൈറ്റ് പട്രോൾ ഡ്യൂട്ടിക്ക് ഇറങ്ങുന്ന ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ടീസർ തരുന്നത്. സീനിയർ ഉദ്യോഗസ്ഥൻ തന്റെ ജൂനിയറിനു പൊലീസിന് വേണ്ട ഗുണങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നതെല്ലാം അതീവ രസകരമായി ടീസറിൽ അവതരിപ്പിച്ചിട്ടുണ്ട്.
ജൂൺ 13 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് റോന്ത് നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം വലിയ പ്രേക്ഷക പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥഒത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- മനേഷ് മാധവൻ, സംഗീത സംവിധാനം- അനിൽ ജോൺസൻ, എഡിറ്റർ- പ്രവീൺ മംഗലത്ത്.