വമ്പൻ പ്രകടത്തിന് ഒരുങ്ങി ധനുഷ്, ഒപ്പം തിളങ്ങാൻ നാഗാർജുനയും; കുബേര ടീസർ പുറത്ത്

ദേശീയ പുരസ്കാര ജേതാവ് ശേഖർ കമ്മുല ഒരുക്കുന്ന ‘കുബേര’ എന്ന ചിത്രത്തിന്റെ ആകാംഷ നിറഞ്ഞ ടീസർ പുറത്തിറങ്ങി. ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ രണ്ട് മിനിറ്റ് ടീസർ, ‘ട്രാൻസ് ഓഫ് കുബേര’ എന്ന പേരിലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ധനുഷിന്റെ സിനിമാ ജീവിതത്തിലെ 23 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ പോസ്റ്ററിനൊപ്പമാണ് ഈ ടീസർ പുറത്തിറക്കിയത്. ചിത്രം ജൂൺ 20-ന് തിയേറ്ററുകളിൽ എത്തും.
ടീസർ നൽകുന്ന സൂചനയനുസരിച്ച്, അത്യാഗ്രഹവും അധികാരവും അഭിലാഷവും നിറഞ്ഞ ഒരു ലോകമാണ് ‘കുബേര’ അവതരിപ്പിക്കുന്നത്. അതിരുകളില്ലാത്ത ആഗ്രഹങ്ങളും വലിയ വില കൊടുക്കേണ്ടിവരുന്ന അധികാരവും ഈ സിനിമയുടെ പ്രധാന വിഷയങ്ങളാണെന്ന് ടീസർ വ്യക്തമാക്കുന്നു. കൂടാതെ, കഥയ്ക്ക് ഒരു തത്ത്വചിന്താപരമായ കാഴ്ചപ്പാടും ഉണ്ടെന്ന് ടീസർ പറയാതെ പറയുന്നു. ദേവി ശ്രീ പ്രസാദിന്റെ ഗംഭീരമായ സംഗീതം ടീസറിന് ഒരു പ്രത്യേക മാനം നൽകുന്നുണ്ട്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ടീസർ മനോഹരമായി പരിചയപ്പെടുത്തുന്നുണ്ട്. നാഗാർജുന ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. രഹസ്യങ്ങളുടെയും നുണകളുടെയും കെട്ടുപാടുകളിലൂടെയാണ് അദ്ദേഹത്തിന്റെ യാത്ര. ധനുഷിന്റെ മറ്റൊരു ഗംഭീര പ്രകടനത്തിന്റെ സൂചനയാണ് ടീസറിന്റെ പ്രധാന ആകർഷണം. കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ്, അവശനായ ഒരു ഭവനരഹിതനിൽ നിന്ന് നിലവിലുള്ള വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന ശക്തനായ ഒരാളായി മാറുന്ന ധനുഷിന്റെ കഥാപാത്രത്തെ ടീസറിൽ കാണാം. ലളിതമായ മധ്യവർഗ്ഗ ജീവിതത്തിന്റെ പ്രതീകമായാണ് രശ്മിക മന്ദാനയെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ജിം സർഭ് ശക്തനായ ഒരു വ്യവസായിയായി ടീസറിൽ പ്രത്യക്ഷപ്പെടുന്നു. ടീസറിന്റെ അവസാനം ധനുഷും നാഗാർജുനയും തമ്മിലുള്ള ഒരു തീവ്രമായ ഏറ്റുമുട്ടലിന്റെ സൂചനയും നൽകുന്നുണ്ട്.
ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കുർ രാം മോഹൻ റാവു എന്നിവരാണ് “കുബേര” നിർമ്മിക്കുന്നത്. അഭിലാഷം, ധാർമ്മികത, അധികാര ബന്ധങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന ഒരു സാമൂഹിക നാടകമാണ് ചിത്രമെന്ന് പറയപ്പെടുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച ഈ പാൻ ഇന്ത്യൻ ചിത്രം, പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്.