‘ചേട്ടാന്ന് വിളിക്കണോ അങ്കിളേന്ന് വിളിക്കണോ എന്ന് സംശയിച്ചു’; ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ’ ട്രെയിലർ പുറത്ത്…

ഇന്ദ്രജിത്ത് സുകുമാരനെയും അനശ്വര രാജനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 23ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
എംഎൽഎയുടെ അനിയന്റെ മോളെ കാണാനില്ല എന്ന വോയിസ് ഓവറിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. തുടർന്ന് വിവാഹ വേഷത്തിൽ അനശ്വര രാജൻ അവതരിപ്പിക്കുന്ന സ്റ്റെഫി എന്ന പെൺകുട്ടി സ്വന്തം കല്യാണത്തിൽ നിന്ന് ഒളിച്ചോടുന്നതും, ഇന്ദ്രജിത്തിൻ്റെ കഥാപാത്രം അവൾക്ക് ലിഫ്റ്റ് കൊടുക്കുന്നതുമാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. ഇവരുടെ ഈ ആകസ്മികമായ കണ്ടുമുട്ടലും അതിനെത്തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെന്ന് ട്രെയിലർ സൂചന നൽകുന്നു.
ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് അർജുൻ ടി സത്യനാണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മ്യൂസിക് 247നാണ് ചിത്രത്തിൻ്റെ സംഗീത അവകാശം. പ്രദീപ് നായർ ഛായാഗ്രഹണവും, സോബിൻ സോമൻ എഡിറ്റിംഗും, സാബു റാം കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. പി എസ് ജയ്ഹരി ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.