in

സംശയിക്കേണ്ട മലയാള സിനിമ തന്നെയാണ്; ഞെട്ടിച്ച് പ്രണവ് മോഹൻലാലിന്റെ ‘ഡീയസ് ഈറേ’ ഫസ്റ്റ് ലുക്ക്…

സംശയിക്കേണ്ട മലയാള സിനിമ തന്നെയാണ്; ഞെട്ടിച്ച് പ്രണവ് മോഹൻലാലിന്റെ ‘ഡീയസ് ഈറേ’ ഫസ്റ്റ് ലുക്ക്…

യുവനടൻ പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രം ‘ഡീയസ് ഈറേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുൽ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ അവതരിപ്പിച്ച ‘ഭ്രമയുഗം’ എന്ന ഹൊറർ ത്രില്ലറിന് ശേഷം, ഹൊറർ സിനിമകളുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്ന ചിത്രമായിരിക്കും ‘ഡീയസ് ഈറേ’ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

‘ക്രോധത്തിൻ്റെ ദിനം’ എന്ന് അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. ചിത്രത്തിൻ്റെ കഥാപശ്ചാത്തലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭീതിയും ദുരൂഹതയും നിറയ്ക്കുന്ന ചിത്രീകരണമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. പോസ്റ്ററിൻ്റെ മധ്യത്തിലായി ഇരിക്കുന്ന സ്ത്രീ രൂപവും, ചുറ്റും വേദനയോടെ പുളയുന്ന അവ്യക്തമായ മനുഷ്യ രൂപങ്ങളും ഭയാനകമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ഒരു ദുഃസ്വപ്നത്തിൽ നിന്നോ അല്ലെങ്കിൽ നരകത്തിൽ നിന്നോ ഉള്ള ദൃശ്യം പോലെ തോന്നിക്കുന്നു. ‘ക്രോധത്തിൻ്റെ ദിനം’ എന്ന ടാഗ്‌ലൈനിന് കൂടുതൽ ഭീകരത നൽകുന്നതാണ് ഈ ദൃശ്യങ്ങൾ. പ്രണവ് മോഹൻലാലിനെ നായകനാക്കിയുള്ള ഈ ഹൊറർ ത്രില്ലർ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ഭയാനകമായ അനുഭവം നൽകുമെന്ന ഉറപ്പാണ് പോസ്റ്റർ നല്കുന്നത്.

‘ഡീയസ് ഈറേ’യുടെ അണിയറയിലും ‘ഭ്രമയുഗ’ത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് അണിനിരക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ഈ സിനിമ നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ‘ഭ്രമയുഗ’ത്തിന് ശേഷം ഇന്ത്യൻ ഹൊറർ സിനിമകൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ സാധിക്കുന്ന തരത്തിലാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകരിൽ നിന്നുള്ള സൂചന. ഈ സിനിമ പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും വൈകാരികവുമായ ഒരു ലോകം സമ്മാനിക്കുമെന്നും, ഇതൊരു ഹൊറർ-ത്രില്ലർ ആയിരിക്കുമ്പോൾ തന്നെ അവതരണത്തിലും കഥപറച്ചിൽ രീതിയിലും പുതുമകൾ ഉണ്ടാകുമെന്നും, ചിത്രം പുതിയൊരു ദൃശ്യാനുഭവം നൽകുമെന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പിആർഒ: ശബരി, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.

നാനിയും ദുൽഖർ സൽമാനും ഒന്നിക്കുന്നു?; ചിത്രമൊരുങ്ങുന്നത് തെലുങ്കിൽ

കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ഒരു ത്രീഡി ചിത്രം: ‘ലൗലി’ റിവ്യൂ