ഇതൊരു സിനിമയല്ല, ചരിത്രമാണ്! നൂറ് കോടിയുടെ കേരള ചരിത്രമെഴുതി മോഹൻലാൽ ‘തുടരും’

മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം “തുടരും” മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചു. കേരളത്തിന്റെ സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രം നൂറു കോടി രൂപ കേരളത്തിൽ നിന്ന് മാത്രമായി ഗ്രോസ് ചെയ്യുന്ന കാഴ്ചയാണ് തുടരും സമ്മാനിച്ചത്. റിലീസ് ചെയ്ത് പത്തൊൻപതാം ദിനമാണ് ചിത്രം കേരളത്തിൽ നിന്ന് നൂറു കോടി എന്ന നേട്ടം പിന്നിട്ടത്.
89 കോടി നേടിയ 2018 , 86 കോടി നേടിയ എമ്പുരാൻ, 85 കോടി നേടിയ പുലിമുരുകൻ എന്നിവയാണ് നേരത്തെ ഈ നേട്ടത്തിന് അരികിൽ എത്തിയ മലയാള ചിത്രങ്ങൾ. ഇപ്പോൾ മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ “തുടരും” ആഗോള ഗ്രോസ് കളക്ഷൻ 207 കോടി പിന്നിട്ട് കുതിപ്പ് തുടരുകയാണ്. വിദേശ ഗ്രോസ് 88 കോടി രൂപ പിന്നിട്ട ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 20 കോടിയിലേക്കാണ് നീങ്ങുന്നത്.
200 കോടി ആഗോള കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമാണ് “തുടരും”. 265 കോടി നേടിയ എമ്പുരാൻ, 241 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു രണ്ടു ചിത്രങ്ങൾ. ഇതോടെ രണ്ടു ചിത്രങ്ങൾ 200 കോടി ക്ലബിലുള്ള ഏക മലയാള താരമായും നാല് ചിത്രങ്ങൾ 100 കോടി ക്ലബിലുള്ള ഏക മലയാള താരമായും മോഹൻലാൽ മാറി.
മലയാള സിനിമയിലെ ആദ്യത്തെ 50 കോടി ആഗോള ഗ്രോസ് (ദൃശ്യം), 50 കോടി കേരള ഗ്രോസ് (പുലി മുരുകൻ), 100 കോടി ആഗോള ഗ്രോസ് (പുലി മുരുകൻ ), 50 കോടി വിദേശ ഗ്രോസ് (ലൂസിഫർ ), 100 കോടി വിദേശ ഗ്രോസ് (എമ്പുരാൻ ) എന്നിവയും നേടിയ താരം മോഹൻലാൽ ആണ്. ബുക്ക് മൈ ഷോ ആപ് വഴി 4 മില്യൺ ടിക്കറ്റുകൾ വിറ്റ രണ്ടാമത്തെ മാത്രം മലയാള ചിത്രം കൂടിയാണ് “തുടരും”. കഴിഞ്ഞ 45 ദിവസത്തെ ഗ്യാപ്പിൽ മലയാളത്തിൽ 200 കോടി ക്ലബിലെത്തിയ രണ്ടു ചിതങ്ങൾ സമ്മാനിച്ച് കൊണ്ട് മോഹൻലാൽ എന്ന വിസ്മയതാരത്തിന്റെ കുതിപ്പ് തുടരുകയാണ്.