കരിയറിലെ വിജയങ്ങൾ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെ, ‘സർക്കീട്ടും’ കേറി വരുന്നു: ആസിഫ് അലി

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സർക്കീട്ട്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ‘കിഷ്കിന്ധാ കാണ്ഡം’, ‘രേഖാചിത്രം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ തിയേറ്ററുകളിൽ എത്തിയ ആസിഫ് അലി ചിത്രം ‘സർക്കീട്ട്’ സംവിധാനം ചെയ്തത് താമർ ആണ്. കിഷ്കിന്ധാ കാണ്ഡം പോലെ വേർഡ് ഓഫ് മൗത്ത് പബ്ലിസിറ്റിയിലൂടെ സർക്കീട്ടും കേറി വരുമെന്ന പ്രതീക്ഷ ആസിഫ് അലി പ്രെസ് മീറ്റിൽ പങ്കുവെച്ചു.
വെക്കേഷൻ സീസണിൽ സാധാരണയായി ആളുകൾ ഒരു മാസ് എന്റർടൈയനർ സിനിമ കാണാനായിരിക്കും പ്രിഫർ ചെയ്യുക എന്ന് ആസിഫ് അലി പറയുന്നു. എന്നാൽ, ‘സർക്കീട്ട്’ സിനിമയെക്കുറിച്ച് കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ വൈകുന്നേരം മുതൽ തിയേറ്റർ വിസിറ്റ് ചെയ്തപ്പോൾ പോസിറ്റീവ് ഫീഡ്ബാക്ക് ആണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ തിയേറ്ററിലും ടിക്കറ്റ് ബുക്കിംഗിലും മൊത്തത്തിൽ ഭയങ്കര ട്രെമെൻഡസ് ആയ ഒരു മാറ്റം വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഫാമിലി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പെയ്ഡ് പ്രൊമോഷനുകളില്ലാതെ തന്നെ സിനിമയെക്കുറിച്ച് ആളുകൾ സംസാരിക്കുന്നുണ്ടെന്നും ഇത് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ കരിയറിൽ ഏറ്റവും നല്ല ഫീഡ്ബാക്ക് കിട്ടിയിട്ടുള്ള സിനിമകളെല്ലാം വിജയിച്ചത് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെ, പ്രത്യേകിച്ച് കുടുംബങ്ങൾ ഏറ്റെടുക്കുമ്പോളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മക്കളുള്ളവർക്കും മക്കളെ വളർത്തിയിട്ടുള്ളവർക്കും ഈ സിനിമയുമായി ഏറെ റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്.
മലയാളത്തിലെ തിയേറ്റേഴ്സിന്റെ ജഡ്ജ്മെന്റ് മികച്ചതാണെന്നും, ഒരു സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ തന്നെ അവർക്ക് അത് വിജയിക്കുമോ ഇല്ലയോ എന്ന് അറിയാൻ സാധിക്കുമെന്നും ആസിഫ് അലി അഭിപ്രായപ്പെടുന്നു. പോസിറ്റീവ് ആയി തോന്നിയിട്ടുള്ള എല്ലാ സിനിമകൾക്കും തിയേറ്ററുകാർ സമയം നൽകിയിട്ടുണ്ടെന്നും, ഈ സിനിമയും കേറി വരുമെന്ന കോൺഫിഡൻസ് എല്ലാ തിയേറ്ററുകളും തരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
നിലവിൽ ആളുകളുടെ മനസ്സിലുള്ള ടെൻഷനിൽ നിന്നും ഒന്ന് റിലീസ് ചെയ്യാനും സമാധാനം നേടാനും വേണ്ടി സിനിമ എപ്പോഴും നിങ്ങളുടെ മുന്നിലുണ്ട്. തിയേറ്ററുകളിൽ നല്ല സിനിമകൾ ഓടുന്നുണ്ട്. പ്രേക്ഷകരാണ് വരേണ്ടതും കാണേണ്ടതും ആസ്വദിക്കേണ്ടതും അഭിപ്രായം പറയേണ്ടതും. അതിനാൽ, നിങ്ങളെല്ലാവരെയും തിയേറ്ററിലേക്ക് ക്ഷണിക്കുകയാണെന്നും, വരിക, കാണുക, വിജയിപ്പിക്കുക എന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.
താമർ തന്നെ രചിച്ച ഈ ചിത്രം നിർമ്മിച്ചത് അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നിവർ ചേർന്നാണ്. കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിച്ച ചിത്രം പ്രവാസ ജീവിതത്തിന്റെ കണ്ണീരും ചിരിയും എല്ലാം ഉൾക്കൊളിച്ചാണ് കഥ പറയുന്നത്. മനോഹരമായ ഒരു ഫീൽ ഗുഡ് ഇമോഷണൽ ഫാമിലി ഡ്രാമ എന്ന അഭിപ്രായം വരുന്ന ചിത്രത്തിൽ ആമിർ എന്ന കഥാപാത്രത്തെ ആണ് ആസിഫ് അവതരിപ്പിക്കുന്നത്. ബാലതാരം ഓർഹാൻ, ദിവ്യ പ്രഭ, ദീപക് പറമ്പൊൾ, പ്രശാന്ത് അലക്സാണ്ടർ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്.