പുരസ്കാരങ്ങളുടെ കൊടുമുടിയിൽ ‘ആടുജീവിതം’; എട്ട് സംസ്ഥാന അവാർഡുകൾ ചിത്രം സ്വന്തമാക്കി!

മലയാള സിനിമയുടെ നെറുകയിൽ ‘ആടുജീവിതം’ വീണ്ടും സ്ഥാനം ഉറപ്പിച്ചു. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ ഈ ബ്ലെസ്സി ചിത്രം എട്ട് അവാർഡുകൾ കരസ്ഥമാക്കിയാണ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച തിരക്കഥ (അവലംബം), മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദമിശ്രണം, മികച്ച മേക്കപ്പ്, കൂടാതെ ഒരു പ്രത്യേക ജൂറി പരാമർശവും ‘ആടുജീവിത’ത്തെ തേടിയെത്തി. ഈ അംഗീകാരങ്ങൾ സംവിധായകൻ ബ്ലെസി, നടൻ പൃഥ്വിരാജ് സുകുമാരൻ, ശബ്ദമിശ്രണ വിദഗ്ധൻ റസൂൽ പൂക്കുട്ടി, ഛായാഗ്രാഹകൻ സുനിൽ കെ.എസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
പുരസ്കാര സ്വീകരിച്ച ശേഷം സംസാരിച്ച ബ്ലെസി, ‘ആടുജീവിത’ത്തിന് ലഭിച്ച ജനപ്രിയ ചിത്രത്തിനുള്ള അംഗീകാരമാണ് താൻ ഏറ്റവും അധികം വിലമതിക്കുന്നതെന്ന് പറഞ്ഞു. ഈ സിനിമ ഒരു നടനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണെന്ന് പൃഥ്വിരാജ് പ്രസംഗത്തിൽ പറഞ്ഞു. തൻ്റെ പ്രസംഗത്തിൽ ബ്ലെസിക്കുള്ള നന്ദിയും പൃഥ്വിരാജ് അറിയിച്ചു.
ബെന്യാമിൻ്റെ പ്രശസ്തമായ നോവലിനെ ആധാരമാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ തിയേറ്ററുകളിൽ എത്തിയതു മുതൽ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഈ സിനിമയിലൂടെ ബ്ലെസിക്ക് ലഭിക്കുന്നത് ആറാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ്. അതേസമയം, പൃഥ്വിരാജ് മൂന്നാം തവണയാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കുന്നത്. കെ.ആർ. ഗോകുലിൻ്റെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.
2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ 35 വിഭാഗങ്ങളിലായി 48 കലാകാരന്മാരാണ് ആദരിക്കപ്പെട്ടത്. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഉർവശിയും ബീന ആർ ചന്ദ്രനും മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ കെഎസ്എഫ്ഡിസി ചെയർമാനും സംവിധായകനുമായ ഷാജി എൻ കരുണിന് ജെ സി ഡാനിയൽ പുരസ്കാരം സമ്മാനിച്ചു. അവാർഡ് നേടിയ എല്ലാ കലാകാരന്മാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, കെ രാജൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.