മുന്നൂറോളം സ്ക്രീനുകളിൽ മെഗാസ്റ്റാറിന്റെ ‘ബസൂക്ക’ എത്തും; മമ്മൂട്ടി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു…

ഏപ്രിൽ 10ന് തിയേറ്റർ റിലീസിന് തയ്യാറായിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ കേരള അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നവാഗതനായ ഡീനോ ഡെന്നിസ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടിക്കറ്റ്സ് ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേടിഎം തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമാക്കിയിരിക്കുകയാണ്.
സരിഗമ ഇന്ത്യ ലിമിറ്റഡും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാള സിനിമയിലെആദ്യത്തെ ഗെയിം ത്രില്ലർ എന്ന വിശേഷണത്തോടെ ആണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും, കഴിഞ്ഞ മാസം പുറത്തുവന്ന ട്രെയിലറും, ഏതാനും ദിവസങ്ങൾക്ക് മുൻപ് എത്തിയ ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സ്റ്റൈലിഷായ ലുക്കും ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ കഥാഗതിയും പ്രേക്ഷകരിൽ പ്രതീക്ഷ നിറയ്ക്കുന്നുണ്ട്.
‘ബസൂക്ക’യുടെ സാങ്കേതിക മേഖലയിലും മികച്ച പ്രതിഭകളുടെ സാന്നിധ്യമുണ്ട്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. റോബി വർഗീസ് രാജ് സെക്കൻഡ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്യുന്നു. നിഷാദ് യൂസഫും പ്രവീൺ പ്രഭാകറും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ സിരകളിൽ ആവേശം നിറയ്ക്കും എന്ന് പ്രതീക്ഷിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് മിഥുൻ മുകുന്ദനാണ്.
ഏകദേശം മുന്നൂറോളം സ്ക്രീനുകളിൽ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. മമ്മൂട്ടിക്കൊപ്പം തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ ഗൗതം വാസുദേവ് മേനോനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.