in

“ജോലിയല്ല, ലാലേട്ടൻ പടം മുഖ്യം”; എമ്പുരാൻ റിലീസ് ദിനത്തിൽ അവധി നല്കി പന്ത്രണ്ടോളം കമ്പനികളും സ്ഥാപനങ്ങളും, ഇത് ചരിത്രം…

“ജോലിയല്ല, ലാലേട്ടൻ പടം മുഖ്യം”; എമ്പുരാൻ റിലീസ് ദിനത്തിൽ അവധി നല്കി പന്ത്രണ്ടോളം കമ്പനികളും സ്ഥാപനങ്ങളും, ഇത് ചരിത്രം…

മോഹൻലാൽ ആരാധകർക്ക് ഇതൊരു ഉത്സവകാലമാണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാൻ’ മാർച്ച് 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമ്പോൾ, സിനിമ ആസ്വാദകർ മാത്രമല്ല, നിരവധി കമ്പനികളും സ്ഥാപനങ്ങളും ഈ ആഘോഷത്തിൽ പങ്കുചേരുകയാണ്. സിനിമയോടുള്ള ആരാധനയും മോഹൻലാലിനോടുള്ള സ്നേഹവും കാരണം, ഈ ചിത്രത്തിൻ്റെ റിലീസ് ദിനത്തിൽ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകുകയാണ് പല സ്ഥാപനങ്ങളും.

കൊച്ചിയിലെ പ്രമുഖ കമ്പനിയായ വീറൂട്സ് വെൽനെസ്സ് സൊല്യൂഷൻസ് ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പകുതി ദിവസത്തെ അവധിയും സിനിമ കാണാനുള്ള ടിക്കറ്റുകളും നൽകുന്നു. കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, തങ്ങളുടെ ജീവനക്കാർക്ക് ‘എമ്പുരാൻ’ ഒരു അനുഭവമാക്കാൻ ആഗ്രഹിക്കുന്നു. അവധി നൽകുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ കൊച്ചിയിലെ എഡ്യൂ ഗോ ഇന്റർനാഷണൽ, പോർട്ട്ഫോളിയോ ബിൽഡേഴ്‌സ്, ഐഐഡിഎം കോളേജ്, ബാംഗ്ലൂരിലെ ഗുഡ് ഷെപ്പേർഡ് ഇന്സ്ടിട്യൂഷൻ തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. ബാംഗ്ലൂരിലെ ഒരു കോളേജ് വരെ ഇതിനായി അവധി നൽകിയത് വലിയ വാർത്തയായിരുന്നു.

മുരളി ഗോപി തിരക്കഥയെഴുതിയ ‘എമ്പുരാൻ’, മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസാണ്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുബാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിന് പുറമെ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റിലീസിന് മുൻപേ തന്നെ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് ‘എമ്പുരാൻ’. ആദ്യ ദിന അഡ്വാൻസ് സെയിൽസ് ആഗോള തലത്തിൽ 40 കോടി കവിഞ്ഞു. ആദ്യ വാരാന്ത്യത്തിലെ ആഗോള അഡ്വാൻസ് സെയിൽസ് 60 കോടിയും പിന്നിട്ടു. കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും, ഗൾഫ്, യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ വിദേശ മാർക്കറ്റുകളിലും പ്രീ സെയിൽസ് കൊണ്ട് തന്നെ ചിത്രം വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ‘എമ്പുരാൻ’ റിലീസ് ചെയ്യും.

നാടൻ കഥയും ആക്ഷൻ രംഗങ്ങളുമായി ‘തറൈപടയ്’; ട്രെയിലർ പുറത്ത്, മാർച്ച് 28-ന് ചിത്രം തിയേറ്ററുകളിലേക്ക്…

വീണ്ടും നായക വേഷത്തിൽ ഗിന്നസ് പക്രു; ‘916 കുഞ്ഞൂട്ടൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്