മലയാളത്തിലെ ആദ്യത്തെ AI പവേര്‍ഡ് ലിറിക്കല്‍ ഗാനവുമായി ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ ടീം…

റാഫി മതിര സംവിധാനം ചെയ്ത ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ എന്ന ചിത്രത്തിലെ ‘കാക്കാ കാക്കാ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മലയാള സിനിമയിൽ ആദ്യമായി AI സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ലിറിക്കൽ വീഡിയോയുമായി ആണ് ഗാനം എത്തിയിരിക്കുന്നത്. ഫിറോസ് നാഥ് സംഗീതം നൽകി ആലപിച്ച ഈ ഗാനത്തിന്റെ വരികൾ റാഫി മതിരയുടേതാണ്. അജിത് ഉണ്ണിയാണ് AI എഡിറ്റിംഗിലൂടെ ലിറിക്കൽ വീഡിയോ ഒരുക്കിയിരിക്കുന്നത്. ഡാവിഞ്ചി സ്റ്റുഡിയോയാണ് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്. എസ്.എം. റാഫിയാണ് പ്രോജക്ട് ഡിസൈനർ. ഈ പരീക്ഷണം മലയാള സിനിമയിൽ പുതിയൊരു സാങ്കേതികവിദ്യയുടെ വാതായനങ്ങൾ തുറക്കുകയാണ്.
ഇഫാർ ഇൻ്റർനാഷണലിൻ്റെ ഇരുപതാമത്തെ ചിത്രമായ ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ ഒരു ബയോ-ഫിക്ഷണൽ കോമഡി ചിത്രമാണ്. സംവിധായകന്റെ പ്രീഡിഗ്രി പഠനകാലത്തെ ഓർമ്മകളും, സമകാലിക സംഭവങ്ങളും കൂട്ടിച്ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി മതിരയാണ്. സിദ്ധാർഥ്, ശ്രീഹരി, അജോഷ്, അഷൂർ, ദേവദത്ത്, പ്രണവ്, അരുൺ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക എന്നിവർക്ക് പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ്മ, സോന നായർ, വീണ നായർ, എസ്. ആശാ നായർ, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രൻ, റിയാസ് നർമ്മകല, ബിജു കലാവേദി, മുൻഷി ഹരി, നന്ദഗോപൻ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂർവിള, ആനന്ദ് നെച്ചൂരാൻ, അനീഷ് ബാലചന്ദ്രൻ, രാജേഷ് പുത്തൻപറമ്പിൽ, ജോസഫ്, ഷാജി ലാൽ, സജി ലാൽ, ഉദേഷ് ആറ്റിങ്ങൽ, രാഗുൽ ചന്ദ്രൻ, ബിച്ചു തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
പത്താം ക്ലാസ് കഴിഞ്ഞയുടൻ കോളേജിൽ പഠിക്കാൻ ഭാഗ്യം കിട്ടിയവരാണ് പ്രീഡിഗ്രിക്കാർ. അക്കാലത്ത് മാർക്ക് കുറഞ്ഞവരും, സയൻസ് സ്ട്രീമിൽ അഡ്മിഷൻ കിട്ടാത്തവരുമൊക്കെ ആശ്രയിച്ചിരുന്നത് പാരലൽ കോളേജുകളെ ആയിരുന്നു. കൊല്ലം ജില്ലയിലെ ട്രിനിറ്റി കോളേജ് എന്ന റസിഡൻഷ്യൽ പാരലൽ കോളേജിൽ 1996-98 കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാർക്ക് താമസിച്ചു പഠിക്കാൻ അവസരം ലഭിച്ചിരുന്നു. സ്കൂൾ ജീവിതത്തിൻ്റെ ഇടുങ്ങിയ മതിലുകൾക്കപ്പുറം ടീനേജിൽ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാൻ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നുവന്ന ചെറുപ്പക്കാരുടെ കലാലയ ജീവിതവും, പ്രണയവും, സ്വപ്നവും, കൊച്ചു കൊച്ചു പിണക്കങ്ങളും സിനിമയിൽ ചർച്ചയാകുന്നു.
26 വർഷങ്ങൾക്കു ശേഷം വാട്സാപ്പ് കൂട്ടായ്മയിലൂടെ വീണ്ടും സൗഹൃദം പുതുക്കുന്ന കൂട്ടുകാർ, അവരിലൊരാളായ ജോസഫ് മാത്യുവും ഭാര്യയും ഒരു ഊരാക്കുടുക്കിൽ പെടുന്നതും, ഒരൊറ്റ ദിവസം കൊണ്ട് കൂട്ടുകാർ പലവിധത്തിലുള്ള ഇടപെടലുകൾ നടത്തുന്നതും, അയാളെയും കുടുംബത്തെയും ആ ഊരാക്കുടുക്കിൽ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്.
ഉണ്ണി മടവൂരിൻ്റെ മനോഹരമായ ഛായാഗ്രഹണം, റോണി റാഫേലിൻ്റെ പശ്ചാത്തല സംഗീതം, ഫിറോസ് നാഥ് ഒരുക്കിയ നാല് ഗാനങ്ങൾ, സജിത്ത് മുണ്ടയാടിൻ്റെ കലാസംവിധാനം, മനോജ് ഫിഡാക്കിൻ്റെ കൊറിയോഗ്രഫി, വിപിൻ മണ്ണൂരിൻ്റെ എഡിറ്റിംഗ് എന്നിവ ചിത്രത്തിൻ്റെ മേക്കിംഗ് ക്വാളിറ്റിയിൽ പ്രകടമാക്കുന്നു.
റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികൾക്ക് ഫിറോസ് നാഥ് സംഗീതം നൽകുന്നു. കെ.എസ്. ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സൗണ്ട് മിക്സിംഗ് ഹരികുമാർ, ഇഫക്ട്സ് ജുബിൻ രാജ്, പരസ്യകല മനു ഡാവിൻസി, സ്റ്റിൽസ് ആദിൽ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ (അമൃത), മേക്കപ്പ് സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്, സഹസംവിധായകർ ആഷിക് ദിൽജീത്, സഞ്ജയ് ജി. കൃഷ്ണൻ, സംവിധാന സഹായികൾ വിഷ്ണു വർദ്ധൻ, നിതിൻ, ക്രിസ്റ്റി, കിരൺ ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ വിതരണം. 2025 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തും.