“എൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ, ഞാനും കാത്തിരിക്കുന്നു റിലീസിനായി”, എമ്പുരാനെ കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ…

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാനിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകളിലെ അവസാന പോസ്റ്ററും എത്തി. സാക്ഷാൽ ഖുറേഷി അബ്രഹാം അഥവാ സ്റ്റീഫൻ നെടുമ്പള്ളിയെ ആണ് അവസാന പോസ്റ്ററിൽ അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഈ നായക കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ ഖുറേഷി അബ്രഹാം എന്ന ആ കഥാപാത്രവും അയാളുടെ ലോകവുമാണ് നിങ്ങൾ കൂടുതൽ പരിചയപ്പെടാൻ പോകുന്നത് എന്ന് മോഹൻലാൽ പറയുന്നു. “എങ്ങനെ ഖുറേഷി എബ്രഹാം അയാളുടെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചാണ് ഈ സിനിമ. ഖുറേഷി അബ്രഹാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ മുഴുവൻ കഥ ഒരുപക്ഷേ നിങ്ങൾക്ക് അറിയണമെങ്കിൽ നിങ്ങൾ ഈ ഫ്രാഞ്ചൈസിന്റെ ട്രയോളജി ആയി പറയാൻ പോകുന്ന ഈ കഥയുടെ മൂന്നാം ഭാഗവും കാണേണ്ടിവരും. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കും.”, മോഹൻലാൽ വ്യക്തമാക്കി.
തൻറെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ സിനിമ ആയിട്ടാണ് താൻ എമ്പുരാനെ കണക്കാക്കുന്നത് എന്നും രണ്ടാം ഭാഗം വളരെ ശ്രദ്ധയോടും വലുപ്പത്തിലും ചിത്രീകരിക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നും മോഹൻലാൽ പറയുന്നു. “അതിൽ അഭിനയിക്കുന്ന ഓരോ അഭിനേതാക്കളും അതിന്റെ ലൊക്കേഷനും ഒക്കെ അത്രയും പ്രാധാന്യം കൊടുത്താണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് എന്ന സംവിധായകന്റെ വളരെ ശ്രദ്ധേയമായ ചിത്രമായിരിക്കും ഇത്. എമ്പുരാന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഖുറേഷി അബ്രഹാം ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക്… ഒന്നാം ഭാഗത്തിൽ സ്റ്റീഫൻ പറഞ്ഞ പോലെ ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് എങ്ങനെ തിരിച്ചുവരുന്നു എന്നുള്ളതാണ് ഈ സിനിമ. ആ വരവിനായി കാത്തിരിക്കൂ, ഞാനും കാത്തിരിക്കുകയാണ്.”, മോഹൻലാൽ പറഞ്ഞു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ അല്ലിരാജ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എമ്പുരാൻ മാർച്ച് 27ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ആഗോള റിലീസായി എത്തുന്ന ഈ ചിത്രം രചിച്ചത് മുരളി ഗോപിയാണ്.