കോടികൾ നേടി മുന്നേറി ‘ഓഫീസർ ഓൺ ഡ്യൂട്ടി’; കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപ്പോർട്ട്

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ജിത്തു അഷറഫ് ഒരുക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്. ഫെബ്രുവരി 20 നു റിലീസ് ചെയ്ത ചിത്രം ആദ്യ വീക്കെൻഡ് കഴിയുമ്പോൾ നേടിയത് 20 കോടിയോളം ആഗോള ഗ്രോസ് കളക്ഷനാണ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ആദ്യ നാല് ദിനം കൊണ്ട് സ്വന്തമാക്കിയത് 9 കോടി 15 ലക്ഷം രൂപയാണ്. ആദ്യ തിങ്കളാഴ്ച പിന്നിടുമ്പോൾ ചിത്രത്തിന്റെ കേരളാ ഗ്രോസ് 10 കോടി കവിഞ്ഞിട്ടുണ്ട്.
റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ആദ്യ വീക്കെൻഡിൽ നിന്ന് 1 കോടി 45 ലക്ഷം ഗ്രോസ് നേടിയ ചിത്രം വിദേശ മാർക്കറ്റിൽ നിന്നും നേടിയത് 8 കോടി 75 ലക്ഷം രൂപയാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് വീക്കെൻഡ് ഗ്രോസ് നേടുന്ന ചിത്രമായും ഇതോടെ ഓഫീസർ ഓൺ ഡ്യൂട്ടി മാറി. ആസിഫ് അലി നായകനായ രേഖാചിത്രത്തിനു ശേഷം ഈ വർഷത്തെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രമായും ഓഫീസർ ഓൺ ഡ്യൂട്ടി മാറിയിട്ടുണ്ട്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആയി ഒരുക്കിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പ്രിയാമണിയാണ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷറഫ് ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഷാഹി കബീറാണ്.
ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജ് കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റിംഗ് നിർവഹിച്ചത് ചമൻ ചാക്കോ.