കൗതുകമായൊരു അപൂർവ സംഗമം, 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ആരാധികക്കൊപ്പം ചാക്കോച്ചൻ; വീഡിയോ വൈറൽ…

1997 ലാണ് ഫാസിൽ ഒരുക്കിയ അനിയത്തിപ്രാവ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ അരങ്ങേറ്റം കുറിക്കുന്നത്. അതോടെ മലയാളത്തിലെ ചോക്ക്ലേറ്റ് നായകനായി മാറിയ കുഞ്ചാക്കോ ബോബന് ലഭിച്ചത് ഒട്ടേറെ ആരാധികമാരെയാണ്. അന്ന് തനിക്കു വന്നിരുന്ന ആരാധികമാരുടെ കത്തുകളെ കുറിച്ചും പ്രണയാഭ്യർഥനകളെ കുറിച്ചും കുഞ്ചാക്കോ ബോബൻ തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്.
ഇപ്പോൾ 27 വർഷങ്ങൾക് ശേഷം കുഞ്ചാക്കോ ബോബൻ ആ പഴയ ചോക്ക്ലേറ്റ് ഇമേജിൽ നിന്ന് മാറി മലയാളത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റിൽ ഇടം പിടിച്ചു നിൽക്കുമ്പോഴും ആരാധികമാരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പ്രമോഷൻ പരിപാടികൾക്കിടയിൽ തന്റെ ഒരു പഴയ ആരാധികയെ കുഞ്ചാക്കോ ബോബൻ കണ്ട വീഡിയോ ആണ് വൈറലായി മാറുന്നത്.
1998 ലാണ് ഈ ആരാധികക്ക് ചാക്കോച്ചനെ ആദ്യമായി നേരിട്ട് കാണാൻ സാധിച്ചത്. അന്ന് അവർ അദ്ദേഹത്തിനൊപ്പം ഒരു ചിത്രവും എടുത്തിരുന്നു. ഇപ്പോൾ വീണ്ടും ആ ചിത്രം അദ്ദേഹത്തെ കാണിക്കാനും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാനും അവർക്കു സാധിച്ചിരിക്കുകയാണ്. കാണികൾക്കിടയിൽ നിന്ന് ഈ ആരാധികയേയും അവർ എടുത്ത പഴയ ഫോട്ടോയും കണ്ട കുഞ്ചാക്കോ ബോബൻ, അവരെ അപ്പോൾ തന്നെ വേദിയിലേക്ക് ക്ഷണിക്കുകയും അവർക്കൊപ്പം വീണ്ടും ഫോട്ടോ എടുക്കുകയും ചെയ്യുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.
ജിത്തു അഷ്‌റഫ് ഒരുക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് കുഞ്ചാക്കോ ബോബൻ നായകനായി പുതിയതായി റിലീസ് ചെയ്ത ചിത്രം. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടുന്ന ചിത്രം സൂപ്പർ വിജയം നേടിയാണ് മുന്നേറുന്നത്. ഷാഹി കബീർ ആണ് ചിത്രത്തിന്റെ രചന.