“എല്ലാം സെറ്റ്, മൂന്നാം വരവിന് ജോർജ്‌കുട്ടി തയ്യാർ”; ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ

ഓൾ ഇന്ത്യ തലത്തിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചു മോഹൻലാൽ. മലയാളത്തിന്റെ ആദ്യത്തെ 50 കോടി ചിത്രമായ ദൃശ്യത്തിനും, ആഗോള തലത്തിൽ ട്രെൻഡിങ് ആയ ദൃശ്യം 2 നും ശേഷം ഈ സീരിസിന്റെ അവസാന ഭാഗമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ദൃശ്യം 3. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹളീസ്, ചൈനീസ് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ദൃശ്യം, ഇൻഡോനേഷ്യൻ, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള അവകാശം വിറ്റു പോയിരുന്നു.
ദൃശ്യത്തിന് ശേഷം ദൃശ്യം 2 , 12th മാൻ, നേര് എന്നീ ചിത്രങ്ങളും രണ്ട് ഭാഗങ്ങൾ ഉള്ള റാം എന്ന ചിത്രവും മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങി. ഷൂട്ടിംഗ് ഇപ്പോഴും ബാക്കിയുള്ള റാം സീരിസും ഈ വർഷം പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ. അതിനൊപ്പമാണ് ഈ കൂട്ടുകെട്ടിന്റെ ദൃശ്യം 3 പ്രഖ്യാപിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുന്നത്.
ജോര്‍ജുകുട്ടി എന്ന നായക കഥാപാത്രമായി വേഷമിട്ട മോഹൻലാലിന് പുറമേ ദൃശ്യം സീരിസിൽ മീന, അൻസിബ ഹസ്സൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, മുരളി ഗോപി, സിദ്ദിഖ്, ഇര്‍ഷാദ്, റോഷൻ ബഷീര്‍, അനീഷ് ജി മേനോൻ, കുഞ്ചൻ, കോഴിക്കോട് നാരായണൻ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹൻ, കലഭാവൻ റഹ്‍മാൻ, കലാഭവൻ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമൻ, പ്രദീപ് ചന്ദ്രൻ, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു.
ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചതും. ഇപ്പോൾ ആസിഫ് അലി നായകനായ മിറാഷ് ഒരുക്കുന്ന തിരക്കിലാണ് ജിത്തു ജോസഫ്. ഫഹദ് ഫാസിൽ നായകനായ ഒരു ചിത്രവും ജീത്തു ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്.