in ,

ചിരിയുടെ വൈബുമായി ഇതാ ഒരു ബ്രൊമാൻസ്; റിവ്യൂ വായിക്കാം

ചിരിയുടെ വൈബുമായി ഇതാ ഒരു ബ്രൊമാൻസ്; റിവ്യൂ വായിക്കാം

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച്, അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രൊമാൻസ് ആണ് കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാള ചിത്രങ്ങളിലൊന്ന്. അരുൺ ഡി ജോസ്, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഈ ടീൻ കോമഡി ഡ്രാമക്ക് തിരക്കഥ രചിച്ചത്. മാത്യു തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

ശ്യാം മോഹൻ, മാത്യു തോമസ് എന്നിവർ അവതരിപ്പിക്കുന്ന ഷിന്റോ, ബിന്റോ എന്നീ സഹോദരന്മാരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു ന്യൂ ഇയർ ദിവസം കൊച്ചിയിൽ നിന്ന് കാണാതാവുന്ന സഹോദരൻ ഷിന്റോയെ തേടി, ഷിന്റോയുടെ കൂട്ടുകാരനായ ഷബീർ (അർജുൻ അശോകൻ), മുൻ കാമുകി ആയ ഐശ്വര്യ (മഹിമ നമ്പ്യാർ), പ്രൊഫെഷണൽ എത്തിക്കൽ ഹാക്കർ ആയ ഹരിഹരസുതൻ (സംഗീത് പ്രതാപ്), ഡോൺ ആയ കൊറിയർ ബാബു( കലാഭവൻ ഷാജോൺ) എന്നിവർക്കൊപ്പം മാത്യു തോമസ് അവതരിപ്പിക്കുന്ന ബിന്റോ നടത്തുന്ന നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഒരു മികച്ച എന്റെർറ്റൈനെർ തന്നെയാണ് ഈ ചിത്രത്തിലൂടെ അരുൺ ഡി ജോസ് നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതെന്നു നിസംശയം പറയാൻ സാധിക്കും. രസകരമായതും വ്യത്യസ്തമായതുമായ ഒരു കഥയുടെ പിൻബലത്തോടെ ഒരുപാട് വിനോദം പകർന്നു തരാൻ അരുണും, രവീശും തോമസും ചേർന്നൊരുക്കിയ തിരക്കഥക്കു കഴിഞ്ഞിട്ടുണ്ട്. ഏറെ വിശ്വസനീയമായ രീതിയിൽ കഥാ സന്ദർഭങ്ങൾ അവതരിപ്പിക്കാനും, ചിത്രത്തിലുള്ള നിയന്ത്രണം വിട്ടു പോകാതെ തന്നെ ഒരേ സമയം ഒരു കോമഡി ചിത്രമായും ഒരു ത്രില്ലെർ പോലെയും ബ്രോമാൻസ് മുന്നോട്ടു കൊണ്ട് പോകാനും സംവിധായകന് സാധിച്ചിട്ടുണ്ട്.

എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം നല്കാൻ കഴിഞ്ഞതിനൊപ്പം എല്ലാവർക്കും കൃത്യമായ സ്പേസും ചിത്രത്തിന്റെ കഥയിൽ നല്കാൻ കഴിഞ്ഞു എന്നത് കൊണ്ട് കൂടിയാണ് വളരെ രസകരമായും മികച്ച രീതിയിലും ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനും രചയിതാക്കൾക്കും സാധിച്ചത്. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും അതുപോലെ സന്ദർഭങ്ങളിൽ നിന്ന് ഉണ്ടാകുന്ന നർമ്മവും ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ്. ആക്ഷനും കോമെടിയും ത്രില്ലും കൃത്യമായി കൂട്ടിയിണക്കിയ ഒരു പെർഫെക്റ്റ് പാക്കേജ് ആണ് ബ്രോമാൻസ്. കൊച്ചിയിൽ നിന്നു കുടകിലേക്കുള്ള കഥാപാത്രങ്ങളുടെ യാത്രയും ശേഷം നടക്കുന്ന സംഭവങ്ങളുമൊക്കെ അതീവ രസകരവും കളർഫുള്ളും ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ നടീനടന്മാരും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ, കയ്യടി മുഴുവൻ സ്വന്തമാക്കിയത് സംഗീത് പ്രതാപ് ആണ്. ആദ്യാവസാനം തന്റെ കോമഡി ടൈമിംഗ്, ഡയലോഗ് ഡെലിവറി എന്നിവയിലൂടെ സംഗീത് ചിത്രത്തിൽ നിറഞ്ഞു നിന്നു. മാത്യു തോമസ്, അർജുൻ അശോകൻ, മഹിമ, ശ്യാം മോഹൻ എന്നിവരും ശ്രദ്ധ നേടിയപ്പോൾ, ഷാജോൺ മാസ്സ് ആക്ഷൻ രംഗങ്ങളിലൂടെ കയ്യടി നേടി.

അഖിൽ ജോർജ് ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നപ്പോൾ, ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നു പറയാം .ചമൻ ചാക്കോ എന്ന എഡിറ്ററുടെ മികവ് ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതിനൊപ്പം ചിത്രത്തിന് സാങ്കേതികമായ ഉയർന്ന നിലവാരവും നൽകി. ചുരുക്കി പറഞ്ഞാൽ ഒരു തികഞ്ഞ എന്റെർറ്റൈനെർ ആണ് ബ്രോമാൻസ്. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും അതോടൊപ്പം തന്നെ ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു രസികൻ ചലച്ചിത്രാനുഭവം ബ്രൊമാൻസ് സമ്മാനിക്കും.

Bromance Movie Review | Newscoopz

ദുൽഖർ സൽമാന് ഒപ്പം തിളങ്ങാൻ ഭാഗ്യശ്രീ ബോർസെ; ‘കാന്ത’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പെപ്പെ പഞ്ച് ലക്ഷ്യം കണ്ടോ; ആന്റണി വർഗീസ് ചിത്രം ‘ദാവീദ്’ റിവ്യൂ വായിക്കാം