ബിഗ് എംസ് ഒന്നിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് ലേഡി സൂപ്പർസ്റ്റാർ നയൻതാര; വീഡിയോ വൈറൽ, മഹേഷ് നാരായണൻ ചിത്രത്തിന്റെ അപ്ഡേറ്റ്സ്…
![](https://newscoopz.in/wp-content/uploads/2025/02/Mohanlal-Mammootty-Mahesh-N-Movie-1024x538.jpg)
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന വേഷങ്ങളിൽ അണിനിരത്തി പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ജോയിൻ ചെയ്തിരിക്കുകയാണ്. നയൻതാര ചിത്രത്തിൽ ജോയിൻ ചെയ്ത വിവരം ഒരു വീഡിയോ പുറത്ത് വിട്ടു കൊണ്ടാണ് അണിയറ പ്രവർത്തകർ പങ്കു വെച്ചത്.
മമ്മൂട്ടിക്കൊപ്പമുള്ള നയൻതാരയുടെ കോമ്പിനേഷൻ രംഗങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 2016ൽ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചഭിനയിച്ചത്. തസ്കരവീരൻ, രാപ്പകൽ, ഭാസ്കർ ദ റാസ്കൽ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുക്കുന്ന ഈ മഹേഷ് നാരായണൻ ചിത്രം ശ്രീലങ്കയിലാണ് ആരംഭിച്ചത്. ശേഷം ഗൾഫിലും അസര്ബൈജാനിലും ചിത്രം ഒരുക്കിയിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. മുംബൈയിൽ തുടങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിലാണ് മോഹൻലാൽ ജോയിൻ ചെയ്യുക. ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂളിലും മോഹൻലാൽ പങ്കെടുത്തിരുന്നു.
ഡൽഹി ഷെഡ്യൂളിലും മോഹൻലാൽ ഉണ്ടാകുമെന്നാണ് സൂചന. മമ്മൂട്ടി, മോഹൻലാൽ, രേവതി ഉൾപ്പടെയുള്ളവരുടെ രംഗങ്ങളാണ് ഡൽഹിയിൽ ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആന്റോ ജോസഫ് പ്രൊഡ്യൂസറും,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.
രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിൽ അണിനിരക്കുന്നു. ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്‌തനായ മനുഷ് നന്ദനാണ് ഛായാഗ്രഹണം.