നിത്യഹരിത കൂട്ടുകെട്ട് വീണ്ടും, സത്യന്റെ ‘ഹൃദയപൂർവം’ ആരംഭിച്ചു; പുതിയ ലുക്കിൽ മോഹൻലാൽ
![](https://newscoopz.in/wp-content/uploads/2025/02/Hridayapoorvam-pooja-1024x538.jpg)
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രം ആരംഭിച്ചു. കൊച്ചിയിൽ വെച്ച് ഇന്ന് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മോഹൻലാൽ അഭിനയിക്കുന്ന സത്യൻ അന്തിക്കാടിന്റെ ഇരുപതാം ചിത്രമാണ്.
ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിയഞ്ചാം ചിത്രം കൂടിയാണിത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധയകനുമായ അഖിൽ സത്യൻ കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് നവാഗതനായ സോനു ടി പിയാണ്. സത്യൻ അന്തിക്കാടിന്റെ മറ്റൊരു മകനും സംവിധായകനുമായ അനൂപ് സത്യനാണ് ഈ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ.
![](https://newscoopz.in/wp-content/uploads/2025/02/Hridayapoorvam-pooja-pic1-1024x683.jpg)
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ സിങ്ക് സൗണ്ടിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മാളവിക മോഹനൻ, ചിന്താവിഷ്ടയായ ശ്യാമള ഫെയിം സംഗീത എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ പ്രേമലുവിലൂടെ ശ്രദ്ധ നേടിയ സംഗീത് പ്രതാപും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. സിദ്ദിഖ്, ലാലു അലക്സ്, ജനാർദ്ദനൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. താടി ട്രിം ചെയ്ത് വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ വേഷമിടുന്നത്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദൃശ്യങ്ങളൊരുക്കിയ അനു മൂത്തേടത്ത് കാമറ ചലിപ്പിക്കുന്ന ഹൃദയപൂർവത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് ആട് ജീവിതത്തിലൂടെ പ്രശംസ നേടിയ പ്രശാന്ത് മാധവ് ആണ്. തമിഴിലെ സൂപ്പർഹിറ്റ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ഹൃദയപൂർവത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് മാസത്തിൽ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും