വമ്പൻ ഒടിടി – സാറ്റലൈറ്റ് ഡീലുമായി ഞെട്ടിച്ച് ‘തുടരും’; മോഹൻലാൽ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ്സ് അറിയാം…
![](https://newscoopz.in/wp-content/uploads/2025/02/Thudarum-OTT-Satellite-Rights-1024x538.jpg)
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ‘തുടരും’ എന്ന ചിത്രം നേടിയത് വമ്പൻ ഒടിടി – സാറ്റലൈറ്റ് ഡീൽ എന്ന് റിപ്പോർട്ട്. അടുത്തകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഡിജിറ്റൽ ഡീൽ ആണ് ഈ ചിത്രം നേടിയത്. റിപ്പോർട്ടുകൾ അനുസരിച്ച് 20 കോടിക്ക് മുകളിലാണ് ഈ ചിത്രത്തിന് ലഭിച്ച ഒടിടി- സാറ്റലൈറ്റ് റൈറ്റ്സ്.
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ഒടിടി അവകാശം സ്വന്തമാക്കിയപ്പോൾ, ഏഷ്യാനെറ്റ് ആണ് സാറ്റലൈറ്റ് അവകാശം നേടിയത്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രം ഈ വർഷം മെയ് മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും. മെയ് 15 നു ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ എന്നാണ് സൂചന. തരുൺ മൂർത്തി- കെ ആർ സുനിൽ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ശോഭനയാണ്. മോഹൻലാൽ- ശോഭന ടീം പങ്കെടുക്കുന്ന ഒരു പ്രോമോ ഗാനവും വൈകാതെ ഈ ചിത്രത്തിനായി ചിത്രീകരിക്കുന്നുണ്ട്.
മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഒരിടവേളക്ക് ശേഷം ശോഭന മോഹൻലാൽ ചിത്രത്തിൽ നായികാ വേഷം ചെയ്യുമ്പോൾ, ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങി ഒരു മികച്ച താരനിരയും ഇതിൽ അണിനിരക്കുന്നുണ്ട്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, കാമറ ചലിപ്പിച്ചത് ഷാജി കുമാർ എന്നിവരാണ്. നിഷാദ് യൂസഫ്, ഷെഫീഖ് വി ബി എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റർമാർ. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനറായി ഒരുക്കുന്ന ചിത്രം ആശീർവാദ് റിലീസാണ് വിതരണം ചെയ്യുന്നത്.