in

‘രോമാഞ്ച’വും ‘ആവേശ’വും പോലെ മറ്റൊരു ബാംഗ്ലൂർ കഥ; മോഹൻലാൽ ചിത്രവുമായി ജിത്തു മാധവൻ, നിർമ്മാണം ഗോകുലം മൂവീസ്

‘രോമാഞ്ച’വും ‘ആവേശ’വും പോലെ മറ്റൊരു ബാംഗ്ലൂർ കഥ; മോഹൻലാൽ ചിത്രവുമായി ജിത്തു മാധവൻ, നിർമ്മാണം ഗോകുലം മൂവീസ്

ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാവുന്നു എന്ന വാർത്തകൾ ഈ അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ ഒരു അപ്‌ഡേറ്റ് കൂടെ പുറത്തു വന്നിരിക്കുകയാണ്.

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആവും ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുക എന്നാണ് വാർത്തകൾ വരുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് ഈ പ്രോജെക്ടിലൂടെ ആയിരിക്കും. ഈ ചിത്രത്തിന് മുൻപ് തന്നെ, ഗോകുലം നിർമ്മിക്കുന്ന ദിലീപ് ചിതമായ ഭ.ഭ.ബ യിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്നും വാർത്തകളുണ്ട്.

ജിത്തു മാധവൻ ഒരുക്കാൻ പോകുന്ന മോഹൻലാൽ ചിത്രം അടുത്ത വർഷം പകുതിയോടെ ആരംഭിക്കും എന്നാണ് സൂചന. ജിത്തുവിന്റെ മുൻ ചിത്രങ്ങളെ പോലെ ബാംഗ്ലൂർ പശ്‌ചാത്തലമാക്കിയാണ് ഈ ചിത്രവും കഥ പറയുക എന്നാണ് അറിയാൻ സാധിക്കുന്നത്. ആക്ഷൻ, കോമഡി എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുകയെന്നും വാർത്തകൾ പറയുന്നു.

ഇപ്പോൾ ഋഷഭ എന്ന തെലുങ്ക് ചിത്രത്തിൽ വേഷമിടുന്ന മോഹൻലാൽ അതിനു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവത്തിലാണ് ജോയിൻ ചെയ്യുക. ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പൂർത്തിയാക്കി കഴിഞ്ഞാവും ജിത്തു മാധവൻ ചിത്രത്തിലേക്ക് കടക്കുകയെന്നാണ് നിലവിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്ത ബറോസ്, തരുൺ മൂർത്തി ഒരുക്കിയ തുടരും, പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ എന്നിവയാണ് അദ്ദേഹത്തിന്റെ അടുത്ത മൂന്ന് റിലീസുകൾ.

‘റൈഫിൾ ക്ലബ്’ ലെ പുതിയ ഗാനം ‘കില്ലർ ഓൺ ദ ലൂസ്’ പുറത്ത്…

‘പുഷ്പ 2’ ന് ശേഷം ഇനി ‘ഗെയിം ചേഞ്ചർ’; ശങ്കർ – റാം ചരൺ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ്