‘കുറുക്കൻ’ വരുന്നു; വിനീതും ഷൈൻ ടോം ചാക്കോയും നായകന്മാർ…
ഈ വർഷം ബോക്സ് ഓഫീസിൽ ഏറ്റവും വലിയ ചലനം സൃഷ്ടിച്ച ചിത്രങ്ങൾ ആണ് ഹൃദയവും ഭീഷ്മ പർവ്വവും. ഈ ചിത്രത്തിന്റെ ഭാഗമായതിലൂടെ വിജയ തിളക്കത്തിൽ നിൽക്കുന്ന താരങ്ങൾ ആണ് വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും. ‘ഹൃദയ’ത്തിന്റെ വിജയശില്പി ആയ സംവിധായകൻ ആയാണ് വിനീത് തിളങ്ങിയത് എങ്കിൽ മമ്മൂട്ടി നായകനായ ‘ഭീഷ്മ പർവ്വ’ത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു കൈയ്യടിവാങ്ങിയാണ് ഷൈൻ തിളങ്ങിയത്. ഇപ്പോളിതാ ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കാൻ പോകുക ആണ്.
ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ ആണ് ഇരുവരും ഒന്നിക്കുന്ന ചിത്രം. മനോജ് റാംസിങ്ങ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. നടി സുരഭി ലക്ഷ്മിയ്ക്ക് ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം മിന്നാമിനുങ്ങ്, മണി ബാക്ക് പോളിസി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാണ് ആണ് മനോജ്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ചിത്രം നിർമ്മിക്കുന്നത്.
നടൻ ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2018ൽ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിൽ ആയിരുന്നു വിനീതും പിതാവ് ശ്രീനിവാസനും അവസാനമായി ഒന്നിച്ചു അഭിനയിച്ചത്. ചിത്രത്തിൽ അജു വർഗീസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിക്കുക ആണ്. ഓപ്പറേഷൻ ജാവയുടെ ഛായാഗ്രഹണം നിർവഹിച്ച ഫായിസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.